പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രി പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ചുറ്റുമതിൽ നിർമ്മിക്കാനും സി.സി.ടി.വി കാമറ സ്ഥാപിക്കാനും ഫണ്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ആശുപത്രി പരിസരത്ത് പൊലീസ് നിരീക്ഷണം കാര്യക്ഷമമാക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. മാലിന്യ നിക്ഷേപം തടയാനുള്ള ഏകമാർഗ്ഗം ചുറ്റുമതിൽ നിർമ്മിക്കുന്നതാണെന്ന് നഗരസഭ അറിയിച്ചു. എന്നാൽ ഇതിനാവശ്യമായ ഫണ്ടില്ല. മാലിന്യങ്ങൾ നഗരസഭാ ജീവനക്കാർ മാറ്റുന്നുണ്ടെന്നും മാലിന്യം നിക്ഷേപിക്കരുതെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിലുണ്ടാവുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കാറുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. ചുറ്റുമതിൽ നിർമ്മിക്കാൻ രണ്ടരക്കോടി രൂപ വേണം. തെരുവു വിളക്കുകൾ കത്താറില്ല. നായശല്യം ആശുപത്രി പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതായും സൂപ്രണ്ട് അറിയിച്ചു. ആശുപത്രി പരിസരം വൃത്തിയായി സൂക്ഷിക്കേണ്ട ബാദ്ധ്യത സൂപ്രണ്ടിനുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. പ്രദേശവാസിയായ കെ.പി. ചിത്രഭാനു സമർപ്പിച്ച പരാതിയിലാണ് നടപടി.