തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഉടവാൾ കൈമാറ്റം ഇന്ന് നടക്കും. രാവിലെ 7.30നാണ് ഉടവാൾ കൈമാറ്റം. ഇന്നലെ ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റി നങ്കയുടെ വിഗ്രഹം പദ്മനാഭപുരം കൊട്ടാരത്തിന് പിറകിലെ നീലകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലെ പ്രത്യേക പൂജയ്ക്കുശേഷമാണ് ഇന്നലെ രാവിലെ ശുചീന്ദ്രത്തുനിന്നുള്ള മുന്നൂറ്റി നങ്കയുടെ വിഗ്രഹ ഘോഷയാത്ര പുറപ്പെട്ടത്. ഭക്തരുടെ തട്ടം നിവേദ്യങ്ങൾ സ്വീകരിച്ചശേഷം വൈകിട്ട് ആറോടെ ഘോഷയാത്ര പദ്മനാഭപുരത്തെത്തി.

ഇന്ന് പുലർച്ചെ കുമാരകോവിലിൽ നിന്ന് കുമാരസ്വാമിയും വെള്ളിക്കുതിരയും പദ്മനാഭപുരത്തെത്തും. തുടർന്ന് കൊട്ടാരത്തിലെ തേവാരക്കെട്ടിലെ സരസ്വതി വിഗ്രഹത്തോടൊപ്പം ഘോഷയാത്ര പുറപ്പെടും. കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ കെടാവിളക്ക് സാക്ഷിയായി പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ കൊട്ടാരം സൂപ്രണ്ട് സി.എസ്. അജിത്കുമാറും പുരാവസ്‌തു വകുപ്പ് ഡയറക്ടർ ജി. ദിനേശനും മന്ത്രി കെ. രാധാകൃഷ്‌ണന് കൈമാറും. അദ്ദേഹത്തിൽ നിന്ന് കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ ഏറ്റുവാങ്ങി ഘോഷയാത്രയ്‌ക്ക് അകമ്പടി സേവിക്കുന്ന ദേവസ്വം മാനേജർക്ക് കൈമാറും. തുടർന്ന് തമിഴ്നാട് പൊലീസിന്റെ ഗാ‌‌‌ർഡ് ഒഫ് ഓണറിന് ശേഷം വിഗ്രഹ ഘോഷയാത്ര ആരംഭിക്കും.

കേന്ദ്രമന്ത്രി വി. മുരളീധരൻ,​ മന്ത്രി വി. ശിവൻകുട്ടി,​ പുതുച്ചേരി ഗവർണർ തമിഴിസൈ സൗന്ദർരാജൻ, തമിഴ്നാട് മന്ത്രി മനോതങ്കരാജ്,​​ നടൻ സുരേഷ് ഗോപി തുടങ്ങിയവർ ഉടവാൾ കൈമാറ്റച്ചടങ്ങിൽ പങ്കെടുക്കും. 25ന് വിഗ്രഹഘോഷയാത്ര തലസ്ഥാനത്തെത്തും. കരമനയിൽ നിന്ന് കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്. സരസ്വതി ദേവിയെ കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ഭഗവതിക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്‌ക്കിരുത്തും.

തട്ടപൂജ നടത്താം

ഇത്തവണ നവരാത്രി ആഘോഷം ആചാരപ്പൊലിമയോടെയാണ് നടക്കുക. പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് സരസ്വതി ദേവിയും വേളിമല കുമാരസ്വാമിയും മുന്നൂറ്റിനങ്കയും എഴുന്നള്ളുന്നത് ആനപ്പുറത്തായിരിക്കും. അകമ്പടിയായി വെള്ളിക്കുതിരയെയും എഴുന്നള്ളിക്കും. ഇത്തവണ ഭക്തർക്ക് തട്ടപൂജയ്‌ക്ക് സൗകര്യമുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ടുതവണയും പല്ലക്കിലാണ് വിഗ്രഹങ്ങൾ എഴുന്നള്ളിച്ചിരുന്നത്. വെള്ളിക്കുതിരയും വഴിയോരത്തെ തട്ടപൂജയും ഒഴിവാക്കിയിരുന്നു.

സുരക്ഷ കൂട്ടി

ഇന്നത്തെ ഹർത്താലിന്റെ പശ്ചാത്തലത്തിൽ നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഹർത്താൽ ഇല്ലെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതൽ തമിഴ്നാട് പൊലീസ് കളിയിക്കാവിള വരെ ഘോഷയാത്രയ്ക്കൊപ്പമുണ്ടാകും. അവിടെ നിന്ന് പതിവിൽ കൂടുതൽ കേരളാ പൊലീസുമുണ്ടാകും. സുരക്ഷാസംവിധാനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പറഞ്ഞു.