ബാലരാമപുരം: നാടൊട്ടുക്കും തെരുവുനായ മനുഷ്യർക്കുമേൽ ആക്രമണം നടത്തുന്നതിന്റെ ഭാഗമായി ബാലരാമപുരത്തും തെരുവ് നായ്ക്കൾ ഭീഷണിയാകുന്നു. ഒരു വർഷത്തിനിടെ പത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. പേവിഷബാധ സ്ഥിരീകരിക്കാത്തതിനാൽ ഭൂരിഭാഗവും രോഗമുക്തരായി. തിരുവനന്തപുരം നഗരസഭയുടെ കീഴിൽ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഗ്രാമീണമേഖലയിൽ തെരുവുനായ ശല്യത്തിന് ഇതേവരെ യാതൊരുവിധ നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് പരാതി. തെരുവ് നായ്ക്കളിലാണ് കൂടുതലും പേവിഷബാധയേൽക്കുന്നത്. കുട്ടികളുമൊത്ത് പുറത്തുപോകുമ്പോൾ കരുതൽ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നായ്ക്കളെ കല്ലെറിഞ്ഞും വിരട്ടിയും പ്രകോപിപ്പിക്കുന്നത് തെരുവ് നായ്ക്കളുടെ ആക്രമണം കൂടാനുള്ള സാഹചര്യവും വഴിയൊരുങ്ങുകയാണ്. ഭക്ഷണം തേടിയുള്ള യാത്രയ്ക്കിടയിലാണ് ഇവ മനുഷ്യർക്ക് മേൽ ചാടിവീഴുന്നത്. ഇടറോഡുകളിലും ആളോഴിഞ്ഞ വഴികളിലുമാണ് നായ്ക്കൂട്ടം പതിയിരുന്ന് ആക്രമണം നടത്തുന്നത്. ഇവ കൂട്ടമായി നിൽക്കുന്നിടങ്ങളിൽ വഴിയാത്രക്കാർ ഭീതിയോടെയാണ് കടന്നുപോകുന്നത്.
വാഹനത്തിൽ ഭക്ഷണപ്പൊതിയുമായി പോകുന്നവരെയും ചില നായ്ക്കൾ പിറകേ എത്തി ശല്യം ചെയ്യുകയാണ്. ബാലരാമപുരം കൊടിനട കച്ചേരിക്കുളം, പഴയകട ലൈൻ, മാടൻകോവിൽ റോഡ്, കെ.എസ്.ഇ.ബി പരിസരം, ശാലിഗോത്രതെരുവ്, നെല്ലിവിള, വില്ലേജ് ഓഫീസ്, ബാലരാമപുരം സാമൂഹ്യ ആരോഗ്യകേന്ദ്രം, റെയിൽവേ സ്റ്റേഷൻ, റസ്സൽപ്പരും ബിവറേജസ് ഗോഡൗൺ
ഹോട്ടലുകൾ, ഒാഡിറ്റോറിയം, മാർക്കറ്റ് എന്നിവിടങ്ങളിൽ നായ്ക്കൾ സങ്കേതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാതിരിയോട് കുളത്തിന് സമീപം ബൈക്കിൽ വരികയായിരുന്ന ജമീൽ, അൻസാരി എന്നിവരെ വാഹനത്തിന് പിറകേ കുതിച്ച് തെരുവുനായ ആക്രമിക്കാൻ ശ്രമം നടത്തി. തെരുവുവിളക്കുകളില്ലാത്ത പ്രധാന ജംഗ്ഷനുകളിലും രാത്രിയിൽ നായ്ക്കൾ കൂട്ടമായി എത്തി ആക്രമിക്കുകയാണ്. കല്ലെറിഞ്ഞ് ഭയപ്പെടുത്തുന്നവരെ പതിയിരുന്നും ശല്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പേർ നായ്ക്കളുടെ കടിയേറ്റ് ബാലരാമപുരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.