
തിരുവനന്തപുരം: സിംബാബ്വെയിലെ ഹരാരെയിൽ നിന്ന് മുംബയ് വഴി മുൻപും തിരുവനന്തപുരത്തേക്ക് ഹെറോയിൻ കടത്തിയിട്ടുണ്ടെന്ന് ബാലരാമപുരത്ത് 158 കോടി വിലമതിക്കുന്ന ഹെറോയിനുമായി പിടിയിലായ രണ്ടുപ്രതികൾ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ) മൊഴിനൽകി. സിംബാബ്വെയിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരിക്കടത്ത് ആദ്യമായാണ് പിടികൂടുന്നത്. ലഹരിമരുന്ന് മുംബയിലെത്തിച്ച് നൽകുന്നതാരാണെന്നും കേരളത്തിൽ എവിടെയൊക്കെ വിതരണം ചെയ്തിട്ടുണ്ടെന്നും ഡി.ആർ.ഐ അന്വേഷിക്കുകയാണ്. മുംബയിൽ നിന്ന് ട്രെയിനിലാണ് ലഹരിമരുന്ന് തലസ്ഥാനത്ത് എത്തിച്ചത്. പിടിച്ചെടുത്ത ഹെറോയിന്റെ സാമ്പിൾ കേന്ദ്രസർക്കാരിന്റെ ഡൽഹിയിലെ സെൻട്രൽ റവന്യൂസ് കൺട്രോൾ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കും. ബാലരാമപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന തിരുമല കൈരളി നഗർ രേവതി ഭവനിൽ രമേശ് (33), ഇയാളുടെ സുഹൃത്ത് ശ്രീകാര്യം സ്വദേശി സന്തോഷ് (35) എന്നിവരെയാണ് ഹെറോയിനുമായി ഡി.ആർ.ഐ പിടികൂടിയത്. ഇവർക്ക് രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് ഡി.ആർ.ഐയുടെ നിഗമനം. അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് ഏഴുകോടി രൂപ വിലയുള്ളതാണ് ഹെറോയിൻ. ഇത്രയും പണം ആരാണ് മുടക്കിയതെന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് പ്രതികളും റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിലേ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാവൂ.