തിരുവനന്തപുരം : പൂജപ്പുര സരസ്വതി ദേവീ ക്ഷേത്രത്തിൽ പത്തു ദിവസത്തെ നവരാത്രി ഉത്സവത്തിന് 26ന് തുടക്കമാകും. വൈകിട്ട് 5.45ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി മുഖ്യാതിഥിയാകും. ഗായകൻ ജി.ശ്രീറാമിന്റെ സംഗീതക്കച്ചേരിയോടെ നവരാത്രി സംഗീതോത്സവത്തിനും അന്നേദിവസം തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സരസ്വതി ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 6.30ന് ഭഗവതി സേവ, വൈകിട്ട് 6.45 ന് ദീപാരാധന എന്നിവ നടക്കും. വിജയദശമി ദിവസമായ അടുത്ത മാസം 5ന് പുലർച്ചെ 4ന് നട തുറക്കും. 4.15ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 5.30മുതൽ സരസ്വതി മണ്ഡപത്തിലും ബ്രഹ്മസഭാ ഗ്രഹത്തിലും അക്ഷര വിദ്യാരംഭം.വായ്പാട്ട്,വീണ,മൃദംഗം,തബല എന്നിവയിൽ സംഗീത വിദ്യാരംഭം രാവിലെ 7ന് ആരംഭിക്കും. രാവിലെ 9 ന് വേളിമല കുമാരസ്വാമിക്ക് വർണാഭമായ സ്വീകരണം. വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമിയെയും വഹിച്ചുകൊണ്ട് കരമനയിൽ നിന്ന് ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്ന ഘോഷയാത്രയെ പൂജപ്പുര മണ്ഡപത്തിനു സമീപം സ്വീകരിക്കും. തുടർന്ന് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തും. ഇതേസമയം ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര ആരംഭിക്കും.ഉച്ചയ്ക്ക് 2ന് കാവടി അഭിഷേകം,വൈകിട്ട് 4.30ന് പള്ളിവേട്ട,കുമാരസ്വാമിയുടെ തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ.മഹേശ്വരൻ നായർ, സെക്രട്ടറി കെ.ബാലചന്ദ്രൻ,ട്രഷറർ ശശികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.