സമരസമിതി നേതാക്കളുമായി ഇന്ന് ചർച്ച
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയെ വീണ്ടും ചർച്ചയ്‌ക്ക് വിളിച്ച് സർക്കാർ. മന്ത്രിസഭാ ഉപസമിതി നാലാം തവണയാണ് സമരസമിതി നേതാക്കളുമായി ചർച്ച നടത്തുന്നത്. ഇന്ന് രാവിലെ 11ന് തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചർച്ചയ്‌ക്കുള്ള ക്ഷണം സമരസമിതി നേതാക്കൾ സ്വീകരിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മന്ത്രി വി. അബ്‌ദുറഹ്‌മാന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണിരാജു, ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുക്കും. വിദേശത്തുള്ള മന്ത്രി അഹമ്മദ് ദേവർകോവിൽ ചർച്ചയ്‌ക്കെത്തില്ല. കഴിഞ്ഞ ദിവസം സമരക്കാരുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
തുറമുഖ നിർമ്മാണത്തിലെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പുനൽകിയതിനു പിന്നാലെയാണ് സംസ്ഥാനസർക്കാരിന്റെ ഇടപെടൽ. തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും തങ്ങൾ പന്തൽ പൊളിക്കില്ലെന്ന നിലപാടിലാണ് സമരസമിതി നേതാക്കൾ.