വർക്കല: വീടിന് മുന്നിൽവച്ച് അമ്മയുടെ കൈയിലിരുന്ന ഒന്നര വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. ഇലകമൺ കളത്തറ ജംഗ്ഷന് സമീപം ബിസ്‌മില്ല മൻസിലിൽ നവാബിന്റെയും താജുന്നിസയുടെയും മകൾ നൂറ ഹുദയുടെ ഇടത് തുടയിലാണ് പരിക്കേറ്റത്. ആഴത്തിലുള്ള മുറിവിനെ തുടർന്ന് കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച് വാക്‌സിനെടുത്തു.
കഴിഞ്ഞദിവസം രാവിലെ 10ഓടെയായിരുന്നു സംഭവം. താജുന്നിസ കുട്ടിയുമായി വീട്ടുമുറ്റത്തേക്കിറങ്ങിയപ്പോൾ നായ ചാടി കടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മൂമ്മ സജീന ഓടിയെത്തി നായയെ അടിച്ചോടിക്കാൻ ശ്രമിച്ചു. കടിച്ചമർത്തിയിരുന്ന നായയെ സജീന എടുത്തെറിയുകയായിരുന്നു.