തിരുവനന്തപുരം: മാഞ്ഞാലിക്കുളം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്ന് ഭരണപക്ഷ കൗൺസിലറുടെ പ്രതിഷേധം. തമ്പാനൂർ വാർഡ് കൗൺസിലർ സി.പി.ഐയിലെ സി. ഹരികുമാറാണ്‌ പ്രതിഷേധിച്ചത്. നഗരത്തിലെ പ്രധാനപ്പെട്ട ഇടറോഡായ ആർ.എം.എസിന് മുന്നിലെ മാഞ്ഞാലിക്കുളം റോഡിൽ മാലിന്യം ഒഴുകി ഓടകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലായിട്ട് ഒരുവർഷത്തിലേറെയായെന്ന് സമീപവാസികൾ പറയുന്നു. റോഡിന്റെ അവസ്ഥയ്‌ക്ക് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്നാരോപിച്ചാണ് സമരം.

മാൻഹോൾ പൊട്ടി മലിനജലം റോഡിലേക്ക് ഒഴുകുന്ന ഭാഗത്താണ് ഇന്നലെ രാവിലെ കൗൺസിലർ പ്രതിഷേധവുമായെത്തിയത്. രണ്ട് മണിക്കൂറോളം അദ്ദേഹം റോഡിൽ കുത്തിയിരുന്നു. കഴിഞ്ഞ ഏഴുമാസമായി സ്‌മാർട്ട് സിറ്റി ഓഫീസ്, റോഡ്ഫണ്ട്‌ ബോർഡ് ഓഫീസ്, പൊതുമരാമത്ത് വകുപ്പ് ഓഫീസ് എന്നിവിടങ്ങളിൽ ഇക്കാര്യവും പറഞ്ഞ് കയറിയിറങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരിഹാരത്തിനായി മേയറും മന്ത്രിയും ഇടപെട്ടിട്ടും ഉദ്യോഗസ്ഥർ അനങ്ങുന്നില്ലെന്നും കൗൺസിലർ ആരോപിച്ചു.

റോഡ് ഫണ്ട്‌ ബോർഡിന്റെ ജനറൽ മാനേജർ സ്ഥലത്തെത്തി 15 ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്താമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരുകൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹനചന്ദ്രൻ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം തമ്പാനൂർ മധു തുടങ്ങിയവരും പങ്കെടുത്തു.