തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു.ചെയർമാനായിരുന്ന പ്രേമൻദിനരാജ് ജൂലായിൽ കാലാവധി പൂർത്തിയാക്കിയതോടെ നിലവിൽ തസ്തിക ഒഴിഞ്ഞിരിക്കുകയാണ്. ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ് കമ്മിഷനിലുള്ളത്. ഒരു അംഗത്തിന്റെ തസ്തിക ഒരുവർഷമായി നികത്തിയിട്ടില്ല. നിലവിൽ ഒരംഗം മാത്രമാണുള്ളത്.

അഞ്ച് വർഷമാണ് കാലാവധി.എന്നിരുന്നാലും 65 വയസ് പൂർത്തിയായാൽ തസ്തികയിൽ തുടരാൻ കഴിയില്ല. സംസ്ഥാന / കേന്ദ്ര സർക്കാർ, പൊതമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ജുഡിഷ്യൽ പദവികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. 2,25,000 രൂപയാണു പ്രതിമാസ ശമ്പളം.

താത്പര്യമുള്ളവർ നിശ്ചിത പ്രൊഫോമയിൽ തയാറാക്കിയ അപേക്ഷ, 'കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനിലെ ചെയർപേഴ്സൺ നിയമനത്തിനുള്ള അപേക്ഷ' എന്നു രേഖപ്പെടുത്തിയ കവറിൽ ബയോഡാറ്റ, പ്രവൃത്തിപരിചയം സംബന്ധിക്കുന്ന വിവരങ്ങൾ എന്നിവയടക്കം വിജ്ഞാപന തീയതി മുതൽ 21 ദിവസത്തിനകം ലഭിക്കത്തക്കവിധം പ്രിൻസിപ്പൽ സെക്രട്ടറി(ഊർജം), കേരള സർക്കാർ, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001, കേരളം എന്ന വിലാസത്തിൽ അയക്കണം. സെപ്തംബർ ഇരുപതാണ് വിജ്ഞാപന തീയതി.