വിഴിഞ്ഞം: പൂന്തുറ കടലിൽ മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ ട്രോളിംഗ് ബോട്ട് ഇടിച്ചു. സാജൻ(35), ജോൺ (70), ശിൽവദാസൻ (45) എന്നീ തൊഴിലാളികൾ വിഴിഞ്ഞം സ്വദേശി റോബിൻസണിന്റെ ഉടമസ്ഥതയിലുള്ള സിന്ധു യാത്ര മാതാവ് എന്ന വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ബോട്ട് ഇടിച്ചത്. കടലിലേക്ക് തെറിച്ചുവീണ മത്സ്യത്തൊഴിലാളികൾ മറ്റൊരു വള്ളത്തിൽ കയറി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും ചേർന്ന് ഇവരെ മറൈൻ ആംബുലൻസിൽ പുലർച്ചെയോടെ കരയ്ക്കെത്തിച്ചു. ഇടിച്ച ബോട്ട് നിറുത്താതെ പോയി.

വള്ളവും വലയും എൻജിനും കരയിൽ എത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് സി.പി.ഒ മാരായ അനിൽ, സുരേഷ്, ലൈഫ് ഗാർഡുമാരും കോസ്റ്റൽ പൊലീസ് വാർഡന്മാരുമായ പനിയടിമ, സാദിക്ക്, പ്രദീപ്, കൃഷ്ണൻ, വാഹിദ് എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.