
ഇ.പി. ജയരാജന്റെ ഗൺമാനെതിരെ ആരോപണം
തിരുവനന്തപുരം: നിരപരാധിയായ മകനെ പൊലീസ് ബോധപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് എ.കെ.ജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിന്റെ അമ്മ ജിജി ആരോപിച്ചു. സി.പി.എമ്മുകാരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി പൊലീസിനെക്കൊണ്ട് അറസ്റ്റുചെയ്യിക്കുകയായിരുന്നു.
പൊലീസ് ഇത്രയും നാൾ അന്വേഷിച്ചിട്ടും കിട്ടാത്ത തെളിവ് ഇപ്പോൾ എവിടുന്ന് കിട്ടി ? മകനെ മൂന്നാംമുറ ചെയ്‌ത് ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാൻ നോക്കേണ്ടെന്നും നീതിക്കായി കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. കോൺഗ്രസിൽ പ്രവർത്തിക്കുന്നെങ്കിലും ഇതുവരെ ഒരു അടിപിടിക്കേസിലും ഉൾപ്പെട്ടില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം പ്രാദേശിക പാർട്ടിക്കാർ കരുതിക്കൂട്ടി മകന്റെ പേര് കൊടുത്തതാണ്. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ സ്ഥിരം ഗൺമാൻ കുളത്തൂർ സ്വദേശിയും പാർട്ടി അനുഭാവിയുമാണ്. ആക്രമണത്തിന് പിന്നിൽ ജിതിനാണെന്ന് ഇയാൾ ഒരുമാസം മുമ്പേ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
മുമ്പ് യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റിനെ കുളത്തൂർ ജംഗ്‌ഷനിൽ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുന്നത് മൊബൈലിൽ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഇവിടത്തെ പാർട്ടിക്കാർക്ക് വലിയ ക്ഷീണമായി. അത് ചെയ്‌തത് ജിതിനാണെന്ന് വരുത്തിയാണ് ഈ കേസിൽ കുടുക്കിയത്. മകനെ വാഹനാപകടത്തിൽ വകവരുത്താൻ ശ്രമിച്ചെന്നും കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നെന്നും ജിജി പറഞ്ഞു.