
പൂവാർ: ടൂറിസം ഡിപ്പാർട്ട്മെന്റ് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച പൂവാർ പൊഴിക്കരയിലെ ആയോധന കലാ പരിശീലന കേന്ദ്രം നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വാസ്തുശില്പ മാതൃകയിൽ നിർമ്മിച്ച കെട്ടിടം ഇന്ന് തകർച്ചയുടെ വക്കിലാണ്. നാടൻ കലാരൂപങ്ങളെയും ആയോധന കലയെയും പരിപോഷിപ്പിക്കുന്നതിനും അതിലൂടെ വിദേശ ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുന്നതിനും വേണ്ടി സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. പൂവാർ ഗ്രാമപഞ്ചായത്ത് ടൂറിസം ഡിപ്പാർട്ട്മെന്റിന് കൈമാറിയ ഭൂമിയിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്.
പൊഴിക്കര കാണാനെത്തുന്ന ടൂറിസ്റ്റുകൾ മഴക്കാലത്തും ശക്തമായ വെയിലുള്ളപ്പോഴും തണൽ തേടി ഇവിടേക്ക് ഓടിക്കയറുന്നത് പതിവാണ്. ടൂറിസ്റ്റുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഈ കെട്ടിടങ്ങളുടെ ചുമരോരത്താണ്. ഇപ്പോൾ ചെറു കച്ചവടക്കാരും ഈ പ്രദേശം ചേക്കേറിയിട്ടുണ്ട്. ഈ കെട്ടിടങ്ങളോടു ചേർന്നാണ് പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. ശക്തമായ കാറ്റിലും മഴയിലും കെട്ടിടം നിലംപൊത്താവുന്ന അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
തെക്കൻ കേരളത്തിൽ ശക്തിയാർജ്ജിച്ച ആയോധന കലയായ നാടൻ കളരിപ്പയറ്റും ഉത്തര കേരളത്തിൽ സജീവമായിരുന്ന തെയ്യം, പൂരക്കളി, കോൽക്കളി, വേലകളി, തച്ചോളിക്കളി തുടങ്ങിയ കലാരൂപങ്ങളും ഒരു വേദിയിൽ സംഗമിപ്പിക്കുകയായിരുന്നു ലക്ഷ്യം. നെയ്യാർ അറബിക്കടലിൽ ലയിക്കുന്നതിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്നവർക്ക് ബ്രേക്ക് വാട്ടറിലെ ബോട്ട് സവാരി കഴിഞ്ഞ് ഗോൾഡൻ ബീച്ചിൽ വിശ്രമിക്കാനും ആയോധന കലാ കേന്ദ്രത്തിനുള്ളിലെ കലാരൂപങ്ങൾ കണ്ട് ആസ്വദിക്കുന്നതിനും അവസരം ഒരുക്കുക വഴി കൂടുതൽ ടൂറിസ്റ്റുകളെ പൂവാറിലേക്ക് ആകർഷിക്കുകയായിരുന്നു ടൂറിസം വകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഇല്ലാതായതോടെ ലക്ഷ്യം പാളി.
ഇപ്പോഴത്തെ അവസ്ഥ
1990ൽ ഇതിനായി നിർമ്മിച്ച രണ്ട് കെട്ടിടങ്ങളും പരിപാലനമില്ലാതെ അനാഥമായി കിടക്കുകയാണ്. കരിങ്കല്ലിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും സാമൂഹ്യവിരുദ്ധർ ഇളക്കിമാറ്റി. ഓടുപാകി വാർത്ത മേൽക്കൂരയും കാലപ്പഴക്കം കൊണ്ട് ഇളകിത്തുടങ്ങി. ചുമരുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു. കെട്ടിടങ്ങൾക്കുള്ളിൽ മാലിന്യം കൊണ്ട് നിറഞ്ഞു. മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ കവറുകളും കുന്നുകൂടി കിടക്കുന്നു. പ്രദേശത്തെ സമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി ഇവിടം മറിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.