photo1

പാലോട്: കഴിഞ്ഞ നാലിന് മങ്കയം വാഴത്തോപ്പിൽ മലവെള്ളപ്പാച്ചിലിൽനിന്ന് തന്നെ രക്ഷിച്ചവരെ കാണാൻ ഹൈറ എന്ന ആറുവയസുകാരി ഇടിഞ്ഞാറിലെത്തി. രക്ഷാപ്രവർത്തകർക്ക് ജനമൈത്രി പൊലീസ് ഒരുക്കിയ അനുമോദനത്തിൽ പങ്കെടുക്കാനാണ് ഹൈറ വന്നത്. മലവെള്ളപ്പാച്ചിലിൽ ഒലിച്ചുവന്ന ഹൈറയെ ഏകദേശം ഒരു കിലോമീറ്റർ താഴെ പമ്പ് ഹൗസിനു സമീപത്തുണ്ടായി രുന്നവരാണ് കണ്ടത്. ഒരു കുഞ്ഞു ജീവനുവേണ്ടി കുത്തൊഴുക്കിലേക്ക് എടുത്തുചാടി ഹൈറയെ രക്ഷിച്ചത് ഇവരാണ്. ഹൈറയെ കരയ്ക്കെത്തിക്കുമ്പോൾ ശ്വാസനില അപകടനിലയിലായിരുന്നു. ആശാവർക്കർ വിജിതയാണ് ഹൈറയ്ക്ക് കൃത്രിമ ശ്വാസം നൽകിയത്. പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. ഹൈറയോടൊപ്പം ഒഴുക്കിൽപ്പെട്ട നസ്റിയ ഫാത്തിമ (9), ഷാനി (33) എന്നിവർ മരണമടഞ്ഞിരുന്നു. ഹൈറയ്ക്ക് പാലോട് പൊലീസ് സ്നേഹസമ്മാനം നൽകി യാത്രയാക്കി.