shivagiri

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന മഹാസമ്മേളന വേദിയാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം വൈകാതെ പുനരാരംഭിക്കും. നിർമ്മാണത്തിൽ നേരിട്ട സാങ്കേതിക തടസങ്ങൾക്ക് പരിഹാരമായി. സർക്കാർ തലത്തിലും എല്ലാ സഹകരണവും ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണിത്.

2015 ൽ പ്രമുഖ വ്യവസായി എം.എ.യൂസഫലി തറക്കല്ലിട്ട ഓഡിറ്റോറിയത്തിന്റെ തൂണുകളുടെയും മേൽക്കൂരയുടെയും നിർമ്മാണം പൂർത്തിയായി. ഇന്റീരിയർ ജോലികളും പ്രധാന വേദിയുടെ നിർമ്മാണവുമാണ് ബാക്കി. സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ

വർക്കല നഗരസഭ സ്റ്റോപ് മെമ്മോ നൽകിയതോടെയാണ് നിർമ്മാണ ജോലികൾ നിലച്ചത്. നഗരസഭയുടെ നിർദ്ദേശാനുസരണം ശ്രീകാര്യം ഗവ. എൻജിനിയറിംഗ് കോളേജിലെ ഗവേഷണ വിഭാഗം മണ്ണിന്റെ ഉറപ്പടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് നിർമ്മാണത്തിന് അനുയോജ്യമെന്ന റിപ്പോർട്ട് നൽകി. തുട‌ർന്ന് നഗരസഭയും നിർമ്മാണത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

2014ലെ ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ മുഖ്യാതിഥിയായെത്തിയ പ്രമുഖ വ്യവസായി എം.എ.യൂസഫലി, താത്കാലിക സമ്മേളനപ്പന്തലിൽ ആയിരക്കണക്കിന് ശ്രീനാരായണ ഭക്തർ തിങ്ങിനിറഞ്ഞത് കണ്ട് , മഠത്തിന് വേണ്ടി താൻ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഓരോ വർഷവും താത്കാലിക സമ്മേളന പന്തൽ തയ്യാറാക്കാൻ ലക്ഷങ്ങളാണ് ചെലവിടുന്നതെന്നും ,സ്ഥിരം സംവിധാനമുണ്ടായാൽ നന്നായിരുന്നുവെന്നും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയായിരുന്ന സ്വാമി സച്ചിദാനന്ദ മറുപടി പറഞ്ഞു. തുടർന്നാണ്, ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മാണത്തിന് തീരുമാനമായത്. തീർത്ഥാടന ദിവസങ്ങളിൽ ലക്ഷക്കണക്കിന് ഗുരുഭക്തരാണ് ശിവഗിരിയിലേക്ക് ഒഴുകിയെത്തുന്നത്. പുതിയ ഓഡിറ്റോറിയം പൂർത്തിയാവുമ്പോൾ ഒരേ സമയം 7000 പേർക്ക് സദസിലിരുന്ന് സമ്മേളനം വീക്ഷിക്കാനാവും. വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന വേദിയും ഏറെ വിശാലമാവും. നിർമ്മാണം പൂർത്തിയാവുമ്പോൾ 22,000 ചതുരശ്ര അടിയിൽ കുറയാത്ത വിസ്തൃതിയുണ്ടാവും. വശങ്ങളിൽ ഗുരുദേവ വചനങ്ങളും, ഗുരുദേവ കൃതികളിലെ പ്രസക്ത ഭാഗങ്ങളും രേഖപ്പെടുത്തും.

'മുഖ്യമന്ത്രി അടക്കമുള്ളവരുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. സർക്കാരിന്റെ എല്ലാ സഹകരണവും ഉറപ്പു നൽകിയിട്ടുണ്ട്'.

-സ്വാമി സച്ചിദാനന്ദ

പ്രസിഡന്റ് , ധർമ്മസംഘം ട്രസ്റ്റ്

'വൈകാതെ നിർമ്മാണ ജോലികൾ പുനരാരംഭിക്കും. ഗുരുകൃപയാൽ വേഗത്തിൽ പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നത്'.

-സ്വാമി ഋതംഭരാനന്ദ

ജനറൽ സെക്രട്ടറി ,ധർമ്മസംഘം ട്രസ്റ്റ്