
ബാലരാമപുരം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന-ദേശീയ നേതാക്കളെ എൻ.ഐ.എ അറസ്റ്ര് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനവ്യാപകമായി നടത്തിയ ഹർത്താലിൽ ബാലരാമപുരത്ത് ബസിന് നേരെ വ്യാപക കല്ലേറ് നടന്നു. കല്ലേറിൽ ചില്ല് തെറിച്ച് വീണ് നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ ആലപ്പുഴ സ്വദേശി സുനിൽകുമാറിന്റെ (47) കണ്ണിന് പരിക്കേറ്റൂ. അറുപതോളം യാത്രക്കാരുമായെത്തിയ ഭാസ്കർ നഗർ -മെഡിക്കൽ കോളേജ് ബസിന് നേരെ ഇന്നലെ രാവിലെ വഴിമുക്കിന് സമീപം ഹർത്താലനുകൂലികളായ ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഡിപ്പോയിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് ഷെഡ്യൂൾ ചെയ്ത സർവീസ് റദ്ദു ചെയ്ത് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു.ആർ.എ.സി 382 ബസിന്റെ മുൻ ഗ്ലാസാണ് തകർന്നത്. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ.എ.സി 114 കാരക്കോണം – മഞ്ചവിളാകം ബസിന് നേരെ അട്ടക്കുളങ്ങരയ്ക്ക് സമീപത്തുവച്ച് കല്ലേറുണ്ടായി. ഇതിൽ ബസിന്റെ പിൻഗ്ലാസുകൾ തകർന്നു. സംഭവത്തിൽ ഡിപ്പോ അധികൃതർ സർവീസ് റദ്ദ് ചെയ്ത് ഫോർട്ട് പൊലീസിൽ പരാതി നൽകി. രാവിലെ 8 മണിയോടെ സർവീസ് നടത്തിയ കുളത്തൂർ-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിന് നേരെ മുടവൂർപ്പാറ നസ്രത്ത് ഹോം സ്കൂളിന് സമീപത്തുവച്ച് കല്ലേറുണ്ടായി. ആക്രമണത്തിൽ ബസിന്റെ സൈഡ് ഗ്ലാസ് തകർന്നു. മുടവൂർപ്പാറയിൽ ടിപ്പർലോറി ഡ്രൈവർക്കും കല്ലേറിൽ പരിക്കേറ്റു, ബാലരാമപുരം, വഴിമുക്ക്, മുടവൂർപ്പാറ എന്നീ സ്ഥലങ്ങളിൽ നടന്ന അക്രമങ്ങളിൽ ഡിപ്പോ അധികൃതരുടെ പരാതിയെ തുടർന്ന് ബാലരാമപുരം പൊലീസ് കേസെടുത്തു.