photo

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരുടെ പരിശീലനത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ ആവശ്യമാണ്. ഇക്കാര്യം പ്രത്യേക പ്രാധാന്യത്തോടെ ഉൾക്കൊള്ളുന്നു എന്നതാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം.

സ്‌കൂൾ അദ്ധ്യാപകരാകാൻ വിവിധ കോഴ്സുകൾ പൂർത്തിയാക്കുന്ന രീതിക്ക് പകരം അഞ്ചുവർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് പി.ജി കോഴ്സ് നടപ്പാക്കണമെന്നാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. നിലവിലുള്ള ഡി.എൽ.എഡ്, ബി.എഡ് കോഴ്സുകൾക്ക് പകരം പ്ളസ് ടു യോഗ്യത നേടിയതിന് ശേഷം അദ്ധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് അഞ്ച് വർഷത്തെ സംയോജിത പി.ജി കോഴ്സ് വേണമെന്നാണ് ശുപാർശ. അദ്ധ്യാപന മേഖലയിൽ താത്‌പര്യമില്ലാത്തവർ വഴിതെറ്റി ആ മേഖലയിൽ വന്നുപെട്ടാൽ അത് അവർക്കും കുട്ടികൾക്കും ഗുണം ചെയ്യില്ല. അദ്ധ്യാപകരാകാനുള്ള അഭിരുചിയുള്ളവരെ വേണം ആ മേഖലയിലേക്ക് കടത്തിവിടാൻ. അദ്ധ്യാപകന്റെ ജോലിയെ ഒരു തൊഴിലിന്റെ നിർവചനത്തിൽ മാത്രം ഒതുക്കി കാണേണ്ടതല്ല. ഭാവി പൗരനെ വാർത്തെടുക്കുന്നതിൽ രക്ഷിതാക്കൾക്കൊപ്പം തുല്യമായ പങ്ക് വഹിക്കുന്നവരാകണം അദ്ധ്യാപകർ. കുട്ടികളുടെ ആത്മവിശ്വാസം വളർത്തുന്നതിലും സ്വഭാവരൂപീകരണത്തിലും അദ്ധ്യാപകൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ പ്രത്യേക എൻട്രൻസ് ടെസ്റ്റ് നടത്തി അദ്ധ്യാപക ജോലിയിൽ താത്പര്യവും അഭിരുചിയും പുലർത്തുന്നവരെ മാത്രമേ അഞ്ചുവർഷ സംയോജിത കോഴ്സുകളിൽ പ്രവേശിപ്പിക്കാവൂ.

സ്‌കൂൾ സമയം രാവിലെ എട്ട് മുതൽ ഉച്ചവരെയാക്കണമെന്നതാണ് മറ്റൊരു പ്രധാന ശുപാർശ. കൊവിഡ് കാലത്ത് ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസം പൂർണമായും ഉപേക്ഷിക്കാതിരിക്കാനുള്ള കരുതലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. പുതിയ കാലഘട്ടത്തിൽ പുതിയതരം ജോലികൾക്ക് വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന വിധത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. കുട്ടികൾ വ്യത്യസ്തമായ കഴിവുകൾ ഉള്ളവരായിരിക്കും. ഇത് തുടക്കത്തിലേ കണ്ടെത്തുന്നതിനും അതനുസരിച്ച് അനുഗുണമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും കഴിയണം. അദ്ധ്യാപകരും പുറത്തുനിന്നുള്ള വിവിധ മേഖലയിലെ വിദഗ്ദ്ധരും ഉൾപ്പെട്ടസംഘം ഇതിനായി രൂപീകരിക്കുന്നതും നല്ലതാണ്.

ക്ളാസുകളിലെന്ന പോലെ സ്‌കൂളുകളിലും വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന ശുപാർശയും കമ്മിറ്റി നൽകിയിട്ടുണ്ട്. ഇത് വിശദമായ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമേ നടപ്പാക്കാവൂ. ഇല്ലെങ്കിൽ എയ്ഡഡ് മേഖലയിൽ നിന്നും മറ്റും ശക്തമായ എതിർപ്പുകൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് മറ്റ് അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കണം എന്നതിൽ സർക്കാർ കർശനനിലപാട് തന്നെ സ്വീകരിക്കണം.

എയ്‌ഡഡ് സ്‌കൂളുകളിൽ നിലവിലെ നിയമനരീതി തുടരുന്നിടത്തോളം കുട്ടികളുടെ എണ്ണം കുറഞ്ഞതുമൂലം ഇല്ലാതാകുന്ന തസ്തികകളിലെ അദ്ധ്യാപകരെ മറ്റ് എയ്‌ഡഡ് സ്കൂളുകളിൽ നിയമിക്കുന്നതിനായി വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യണമെന്ന ശുപാർശ സർക്കാർ അടിയന്തരമായി പരിഗണിക്കേണ്ട ഒന്നാണ്.

സ്‌കൂൾവിദ്യാഭ്യാസം മാതൃഭാഷയിൽ മതിയെന്ന നിർദ്ദേശം സ്വാഗതാർഹമാണ്. അതിനിടയിൽ ഇംഗ്ളീഷിന്റെ പ്രാധാന്യം കുറഞ്ഞുപോകരുത്. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരിൽ പകുതിയിലേറെയും ജോലിതേടി അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കുമാണ് പോകുന്നത്. അവിടെ നമ്മുടെ മാതൃഭാഷ ഉപകരിക്കില്ല. അതിനാൽ ഇക്കാര്യങ്ങളിൽ പ്രായോഗികമായ സമീപനത്തിന് പ്രാമുഖ്യം നൽകുന്നതാണ് കുട്ടികൾക്ക് ഭാവിയിൽ കൂടുതൽ പ്രയോജനകരമാവുക. വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന നല്ല ശുപാർശകൾ കാലവിളംബം കൂടാതെ നടപ്പാക്കാനുള്ള സന്നദ്ധതയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.