
തിരുവനന്തപുരം: ഫ്രീമേസൺസ് ക്ലബിന്റെ അർദ്ധവാർഷിക പ്രതിനിധി സമ്മേളനം ഇന്ന് വൈകീട്ട് 4.30ന് തിരുവനന്തപുരം കവടിയാർ ഉദയ്‌പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ക്ലബിന്റെ ഗ്രാൻഡ് സെക്രട്ടറി വിശാൽ ബക്ഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയൊട്ടാകെ ചാരിറ്റി പ്രവർത്തം നടത്തുന്ന സംഘടനയുടെ സമ്മേളനം ഇരുപത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.
ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ 1200 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി മാജിക് പ്ലാനറ്റിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ ചികിത്സയ്‌ക്ക് ആവശ്യമായ തുക ഭാരവാഹികൾ കൈമാറി. കൊവിഡ് കാലത്ത് രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും ഗ്ലൗസും മാസ്‌കും ഉൾപ്പെടെ ഫ്രീമേസൺസ് ക്ലബ് വിതരണം ചെയ്‌തിരുന്നു. ഒട്ടനവധി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും നൽകിവരുന്നു. നാല് മേഖലകളുളള സംഘടനയുടെ ഏറ്റവും വലിയ സോൺ കേരളം ഉൾപ്പെടുന്ന സൗത്ത് സോണാണ്. അഞ്ഞൂറ് പ്രതിനിധികളാണ് കേരളത്തിൽ നിന്നുള്ളത്.
സ്വാമി വിവേകാനന്ദൻ, നടൻ അശോക് കുമാർ, ഗായകൻ കിഷോർ കുമാർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌ടൻ മൻസൂർ അലിഖാൻ പട്ടൗഡി, ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഉൾപ്പെടെയുളളവർ ഫ്രീമേസൺസ് ക്ലബ് അംഗങ്ങളായിരുന്നു. ഡെപ്യൂട്ടി ഗ്രാൻഡ് മാസ്റ്റർ കെ.ജി. അലക്‌സാണ്ടർ, ഫ്രീമേസൺസ് ക്ലബ് സൗത്ത് ഇന്ത്യാ മേധാവി വി. ജി. മധുസൂദനൻ, ഗ്രാൻഡ് മാസ്റ്റർ അനീഷ് കുമാർ ശർമ്മ, അസിസ്റ്റന്റ് റീജിയണൽ ഹെഡ് ഡോ. ജ്യോതീന്ദ്രകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.