pink-police
pink police

തിരുവനന്തപുരം: ലഹരി കടത്തും ഉപയോഗവും തടയാൻ കർശന നടപടി വേണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെപ്തംബർ 16 മുതൽ 22 വരെയുള്ള 7 ദിവസങ്ങളിൽ 242 കേസുകൾ എക്സൈസ് രജിസ്റ്റർ ചെയ്തു. 248 പ്രതികൾ അറസ്റ്റിലായി. 60.81 കിലോ ഗ്രാം കഞ്ചാവ്, 164 കഞ്ചാവ് ചെടികൾ, 593 ഗ്രാം എം.ഡി.എം.എ, 613 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ 4 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 84 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കിയിട്ടുണ്ടെന്ന് അഡിഷണൽ എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്‌മെന്റ്) അറിയിച്ചു.

ഒക്ടോബർ 5 വരെ 'നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്' തുടരും. എല്ലാ ഓഫീസുകളിലും 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്, മുഴുവൻ സമയ ഹൈവേ പെട്രോളിംഗ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും നടപടിയുണ്ട്. കേസിലുൾപ്പെട്ട 1997 നാർക്കോട്ടിക് കുറ്റവാളികളുടെ ഡേറ്റ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി നിരീക്ഷണത്തിലാക്കി.

വിദ്യാലയ പരിസരങ്ങളിൽ ലഹരിവസ്തുക്കളുടെ വില്പന തടയാൻ പ്രത്യേക നിരീക്ഷണവും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധനയും കർശനമാക്കി. അതിർത്തി ചെക്‌പോസ്റ്റുകളിലും ഇടറോഡുകളിലും വാഹന പരിശോധനയും ശക്തമാക്കി.