poli

വെഞ്ഞാറമൂട്: ഗോകുലം ഹോസ്‌പിറ്റലിന് പിറകുവശത്തായി തീപിടിച്ചെന്ന് വെഞ്ഞാറമൂട് ഫയർസ്റ്റേഷനിലേക്ക് വ്യാജസന്ദേശം

നൽകി ഉദ്യോഗസ്ഥരെ കബളിപ്പിച്ച വിരുതനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റുചെയ്‌തു. വെഞ്ഞാറമൂട് കണ്ണൻകോട് ശരണ്യ ഭവനിൽ സൂരജ് മോഹനാണ് ( 29 ) പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 11.50ഓടെയാണ് സംഭവം. ഗോകുലം ഹോസ്‌പിറ്റലിനു പിറകുവശത്തായി തീപിടിച്ചെന്നും എത്രയും വേഗമെത്തിയില്ലെങ്കിൽ തീ കൂടുതൽ സ്ഥലത്തേക്ക് പടരുമെന്നും ഇയാൾ അറിയിച്ചു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ജോർജിന്റെ നേതൃത്വത്തിൽ 10 ഉദ്യോഗസ്ഥരും രണ്ട് റെസ്‌ക്യൂ വാഹനങ്ങളും ഉടൻ സംഭവസ്ഥലത്തേക്ക് പാഞ്ഞു. എന്നാൽ അവിടെയെങ്ങും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്ന് മനസിലാക്കിയതോടെ ഉദ്യോഗസ്ഥർ മടങ്ങാൻ തീരുമാനിച്ചു. അതേസമയം ഉദ്യോഗസ്ഥരെ സൂരജ് വീണ്ടും വിളിച്ച് ഗോകുലത്തിന് പിറകുവശത്തല്ല സമീപപ്രദേശമായ കരിഞ്ചാത്തിയിലാണ് പ്രശ്‌നമെന്ന് അറിയിച്ചു. ഇതിനിടെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധിപ്പേർ ഫയർഫോഴ്സിന്റെ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അംഗങ്ങളിൽ പലരെയും മറ്റു സ്ഥലങ്ങളിലേക്ക് അയയ്‌ക്കുകയും ചെയ്‌തു. ഉദ്യോഗസ്ഥർ തുടർന്ന് കരിഞ്ചാത്തിയിലെത്തിയപ്പോഴും തീപിടിത്തം കണ്ടെത്താനായില്ല.

ഉദ്യോഗസ്ഥർ വീണ്ടും സൂരജിനെ വിളിച്ച് വിവരം പറഞ്ഞപ്പോൾ പറഞ്ഞത് തെറ്റിപ്പോയതാണെന്നും നെല്ലനാട് ഭാഗത്താണ് തീപടർന്നതെന്നും ദയവായി എത്രയും പെട്ടെന്ന് എത്തിച്ചേരണമെന്നുമായിരുന്നു. സമാന രീതിയിൽ നെല്ലനാട് പ്രദേശത്തും ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയിട്ടും അപകടസ്ഥലം കണ്ടെത്താനായില്ല. ' നിങ്ങൾ പറഞ്ഞ സ്ഥലത്ത് പ്രശ്നങ്ങളില്ലെന്നും വെറുതെ സമയം കളയരുതെന്നും ഉദ്യോഗസ്ഥർ വീണ്ടും സൂരജിനോട് പറഞ്ഞു. ' ക്ഷമിക്കണം സർ കരിഞ്ചാത്തിയിൽ തന്നെയായിരുന്നു പ്രശ്‌നം ഞാൻ പറഞ്ഞത് തെറ്റിപ്പോയെന്ന് ' പറഞ്ഞ് സൂരജ് ഫോൺ കട്ടാക്കി. ഉദ്യോഗസ്ഥർ വീണ്ടും കരിഞ്ചാത്തിയിലെത്തി സൂരജിനെ പലതവണ ഫോണിൽ വിളിച്ചിട്ടും ഇയാൾ ഫോണെടുക്കാൻ തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു.