മലയിൻകീഴ് : മലയിൻകീഴ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ യു.പി, ഹൈസ്‌കൂൾ വിഭാഗത്തിൽ അടുത്ത അദ്ധ്യയന വർഷം മുതൽ പെൺകുട്ടികൾക്കു കൂടി പ്രവേശനാനുമതി നൽകി സർക്കാർ ഉത്തരവ്. പെൺകുട്ടികൾക്കു കൂടി പ്രവേശനാനുമതി നൽകണമെന്ന് സ്‌കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകിയിരുന്നു. നിലവിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ ആൺകുട്ടികൾ മാത്രവും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം മി​ക്‌സഡുമാണ്.

മലയിൻകീഴ് സ്‌കൂളിൽ പെൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകുന്നതിനുള്ള എല്ലാ ഭൗതികസാഹചര്യങ്ങളും നിലവിലുണ്ടെന്ന് നെയ്യാറ്റിൻകര ജില്ലാവിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. സർക്കാർ പരിശോധനയിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉള്ളതായുംവൊക്കേഷണൽ ഹയർസെക്കൻഡറി മിക്‌സഡ് ആയി പ്രവർത്തിക്കുന്നതിനാലും വിദ്യാഭ്യാസ ഓഫീസർമാർ അനുകൂല സമീപനം രേഖപ്പെടുത്തിയും ജില്ലാ പഞ്ചായത്ത് എൻ.ഒ.സി.യും നൽകി.