വെമ്പായം: വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ നൽകുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ,എൻ.ജി.ഒകൾ,മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക് സംസ്ഥാന ഗവൺമെന്റ് നൽകുന്ന വയോസേവന പുരസ്‌കാരത്തിന് മാണിക്കൽ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു.

ക്ലസ്റ്ററുകൾ മുഖേന ആരോഗ്യ പ്രവർത്തനം, ബോധവത്കരണം, രോഗ പരിശോധന, അങ്കണവാടി മുഖേന ഭക്ഷണം,നിയമ പരിരക്ഷ, കുടുംബങ്ങൾക്ക് വയോനിയമാവബോധം, വാതിൽപ്പടി സേവനങ്ങൾ, ജാഗ്രതാ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചിരിക്കുന്നത്. ജീവിത ശൈലീ രോഗനിയന്ത്രണത്തിനായുള്ള ഉപകരണങ്ങൾ വയോജനങ്ങൾക്കായി മാത്രം വിതരണം ചെയ്തു.

വയോ ക്ലസ്റ്ററുകൾ മുഖേന നവീന ആശയങ്ങൾ ക്ഷണിച്ച് വയോജന നയരൂപീകരണത്തിനും പ്രത്യേക കർമ്മപദ്ധതിക്കും ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നു. പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായി ആരോഗ്യപരിപാലനത്തിനായി ഗ്രാമീണ നടവഴികൾ പുനഃസ്ഥാപിക്കുന്നതിനും വയോപാർക്കുകളും പൂന്തോട്ടങ്ങളും വയോ ക്ലസ്റ്ററുകളുടെ സംരക്ഷണയിൽ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.

വയോജന മേഖലയിൽ പുത്തൻ സമീപനമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. അവാർഡിനർഹരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും ലഭിക്കും.ഒക്ടോബർ 1 ന് ലോക വയോജന ദിനത്തോടനുബന്ധിച്ച് തൃശ്ശൂരിൽ അവാർഡ് ദാന ചടങ്ങ് നടക്കും.