
ആറ്റിങ്ങൽ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിൽ ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് സമരാനുകൂലികൾ എറിഞ്ഞു തകർത്തു. രാവിലെ 9.20 ഓടെ ആറ്റിങ്ങൽ മാമത്ത് പമ്പിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. ഇവർ രക്ഷപ്പെട്ടു. തിരുവനന്തപുരത്തുനിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്നു ബസ്. കല്ലേറിൽ ബസിന്റെ മുൻ ഗ്ലാസ് തകർന്നു വീണ് ഡ്രൈവർ കവലയൂർ സ്വദേശി ആർ. ബാജിയുടെ കൈയ്‌ക്ക് പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല.
ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് രാവിലെ പതിവുപോലെ സർവീസ് നടത്തിയിരുന്നു. ബസിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം പൊലീസ് നിർദ്ദേശപ്രകാരം കോൺവേ അടിസ്ഥാനത്തിലാണ് സർവീസ് നടത്തിയത്. 39 ഷെഡ്യൂൾ പ്രവർത്തിച്ചതായി അധികൃതർ പറഞ്ഞു. യാത്രക്കാരുടെ ആവശ്യം അനുസരിച്ചാണ് ഷെഡ്യൂളുകൾ നിശ്ചയിച്ചത്. തിരുവനന്തപുരം, കൊല്ലം റൂട്ടിലായിരുന്നു കൂടുതലും സർവീസ് നടന്നത്.
കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. താലൂക്ക് ഓഫീസിൽ 50 ശതമാനം ജീവനക്കാർ എത്തിയിരുന്നു. മറ്റ് സർക്കാർ ഓഫീസുകളിൽ ഹാജർനില തീരെ കുറവായിരുന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. സ്‌കൂളുകൾ പ്രവർത്തിച്ചില്ല.