
പദ്നാഭപുരം: അനന്തപുരിയിലെ അക്ഷരോത്സവത്തിന് അനുഗ്രഹം ചൊരിയാൻ നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്ര പദ്മനാഭപുരത്തു നിന്ന് പുറപ്പെട്ടു. പദ്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങളാണ് ഘോഷയാത്രയായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.
എഴുന്നള്ളത്തിന് മുന്നോടിയായി കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. കേരള പുരാവസ്തു ഡയറക്ടർ ഇ.ദിനേശൻ പീഠത്തിൽ നിന്നെടുത്ത് നൽകിയ ഉടവാൾ മന്ത്രി കെ.രാധാകൃഷ്ണൻ തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബുവിന് കൈമാറി. അദ്ദേഹം യാത്രയെ അനുഗമിക്കുന്ന കന്യാകുമാരി ദേവസ്വം മാനേജർ സുദർശനകുമാറിന് ഉടവാൾ നൽകി. മന്ത്രി വി.ശിവൻകുട്ടി, തമിഴ്നാട് ദേവസ്വം കമ്മീഷണർ കുമാരഗുരുപരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, കന്യാകുമാരി ജില്ലാകളക്ടർ എം.അരവിന്ദ് പദ്മനാഭപുരം സബ്കളക്ടർ അലർമേൽ മങ്കൈ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കൊട്ടാരം സൂപ്രണ്ട് സി.എസ്. അജിത്കുമാർ, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ആർ. രാജരാജവർമ, സെക്രട്ടറി വെങ്കിടേശ്വര അയ്യർ, എക്സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ്കുമാർ, തമിഴ്നാട് പി.ആർ.ഒ ആർ.ഉണ്ണികൃഷ്ണൻ നായർ, നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ, അയ്യപ്പ സേവാസംഘം നെയ്യാറ്റിൻകര താലൂക്ക് സമിതി ഭാരവാഹികളായ ഒ.പി. അശോക് കുമാർ, ഗ്രാമം പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. തിരുവിതാംകൂർ രാജാവ് യാത്രയ്ക്ക് അകമ്പടി പോകുന്നതിന്റെ പ്രതീകമായാണ് ദേവസ്വം ജീവനക്കാരൻ ഉടവാളുമായി യാത്രയിൽ സഞ്ചരിക്കുന്നത്.
സരസ്വതി വിഗ്രഹത്തെ തിരുവാറാട്ടുകാവ് കാളിദാസനെന്ന കൊമ്പൻ തിടമ്പേറ്റി.കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും പല്ലക്കിലാണ് എഴുന്നള്ളിച്ചത്. ഭക്തർ വായ്ക്കുരവയും നാമജപവും ഉയർത്തി വിഗ്രഹങ്ങളെ വണങ്ങി. കേരളത്തിലെയും തമിഴ്നാട്ടിലെയും പൊലീസ് സേന എഴുന്നള്ളത്തിന് ആചാരപരമായ അഭിവാദ്യം അർപ്പിച്ചു. കൊട്ടാരമുറ്റത്തെത്തിയ എഴുന്നള്ളത്തിന് കേരള പുരാവസ്തു വകുപ്പ് സ്വീകരണം നൽകി.ഇന്നലെ രാത്രി ഘോഷയാത്രയിലെ വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ ഇറക്കി പൂജ നടത്തി. ഇന്ന് രാവിലെ അവിടെ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കി പൂജ നടത്തും. 25ന് വൈകിട്ട് തലസ്ഥാനത്തെത്തും. കരമന മുതൽ കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.
പദ്മതീർത്ഥക്കരയിലെ നവരാത്രി മണ്ഡപത്തിൽ 26ന് രാവിലെ സരസ്വതിദേവിയെ പൂജയ്ക്കിരുത്തും. കുമാരസ്വാമിയെ ആര്യശാല ഭഗവതിക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. ഒക്ടോബർ മൂന്നിന് ദുർഗാഷ്ടമിയും നാലിന് മഹാനവമിയും. അഞ്ചിന് വിജയദശമി പൂജയ്ക്ക് ശേഷം ആറിന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. ഏഴിന് വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നള്ളത്ത്. ഒൻപതിന് മാതൃക്ഷേത്രങ്ങളിൽ മടങ്ങിയെത്തും.