
തിരുവനന്തപുരം: എ.എ. റഹിം അടക്കമുള്ള സി.പി.എം നേതാക്കൾ പ്രതികളായ പൊതുമുതൽ നശിപ്പിക്കൽ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപ്പീൽ ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. മജിസ്ട്രേറ്റ് കോടതി ഈ ആവശ്യം നിരസിച്ചിരുന്നു. ഇതിനെതിരായ അപ്പീലാണ് ഇന്നലെ ജഡ്ജി കെ. വിഷ്ണു തള്ളിയത്.
ഇതേത്തുടർന്ന് പ്രതികൾ വിചാരണയ്ക്ക് ഹാജരാകാൻ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്. അഭിനിമോൾ ഉത്തരവിട്ടു.
നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സർക്കാരിന് ഇതു മറ്റൊരു തിരിച്ചടിയായി. റഹിമിനു പുറമെ സി.പി.എം നേതാക്കളായ ബാലമുരളി, ബെൻഡാർവിൻ, സാജ് കൃഷ്ണ അടക്കം 22 പ്രതികളുള്ള കേസ് പൊതുതാത്പര്യം മുൻനിറുത്തി പിൻവലിക്കണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്.
2011 ജൂൺ 29ന് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരായുളള എസ്.എഫ്.ഐ മാർച്ചിനിടെയാണ് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽവച്ച് റഹിമിന്റെ നേതൃത്വത്തിൽ പ്രതികൾ പൊലീസിന് നേരെ കരിങ്കൽ ചീളുകളും സ്‌ഫോടക വസ്തുക്കളും വലിച്ചെറിഞ്ഞത്. അന്നത്തെ ഡി. സി. പി ജോളി ചെറിയാനും പേരൂർക്കട സ്റ്റേഷനിലെ എ. എസ്. ഐ രാജേന്ദ്രനും ഗുരുതരമായി പരിക്കേറ്റു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ടാറ്റാ സുമോയുടെ ചില്ല് തകർന്നു. സർക്കാരിന് 9271 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.