abhirami

തിരുവനന്തപുരം: ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ കൊല്ലത്ത് വിദ്യാർത്ഥിനിയായ അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കേരള ബാങ്ക് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. സംഭവത്തിൽ കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ജപ്തി നടപടിയെടുക്കുന്നത് കേന്ദ്രസർക്കാർ നടപ്പാക്കുന്ന സർഫാസി ആക്ട് പ്രകാരമാണ്. റിസർവ് ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന കേരളബാങ്കിന് അതിൽ നിന്ന് മാറിനിൽക്കാനാവില്ല. സർഫാസി ആക്ടും ജപ്തിയും നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ എതിരാണ്.

ജപ്തി ബോർഡ് സ്ഥാപിച്ചത്

തെറ്റായിപ്പോയെന്ന് റിപ്പോർട്ട്

അഭിരാമിയുടെ വീടിനുമുന്നിൽ ജപ്തി ബോർഡ് സ്ഥാപിച്ചത് തെറ്റായിപ്പോയെന്ന് കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർഫാസി നിയമം പ്രയോഗിച്ചതിനെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നില്ല. അഭിരാമിയുടെ പിതാവ് അജികുമാറാണ് കേരള ബാങ്കിൽ നിന്ന് വായ്പ എടുത്തത്. അദ്ദേഹം സ്ഥലത്തുണ്ടായിട്ടും ഉദ്യോഗസ്ഥർ ജപ്തി നോട്ടീസ് അജികുമാറിന് നൽകിയില്ല. പകരം രോഗബാധിതനായ അഭിരാമിയുടെ അപ്പൂപ്പൻ ശശിധരൻ ആചാരിക്കാണ് കൈമാറിയത്. ഇത് തെറ്റായ നടപടിയാണ്. ജപ്തിബോർഡ് സ്ഥാപിച്ചതും ശരിയായ നടപടിയല്ലെന്ന് റിപ്പോർട്ട് പറയുന്നു.