
. പോത്തൻകോട്: ഹർത്താലിൽ വേങ്ങോട് മഞ്ഞമലയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കട അടിച്ചു തകർത്തു. ഇന്നലെ രാവിലെ ആറു മണിയോടെയാണ് സംഭവം. മഞ്ഞമല ബാബു ഭവനിൽ ബാഹുലേയന്റെ കടയാണ് ആക്രമിക്കപ്പെട്ടത്. പഴക്കുലകൾ റോഡിലും സമീപത്തും വലിച്ചെറിയുകയും കടയുടമയെ ഭീഷണിപ്പെടുത്തുകയും കട തകർക്കുകയും ചെയ്തു.15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ കേസെടുത്തതായി പോത്തൻകോട് പൊലീസ് പറഞ്ഞു. മംഗലപുരത്ത് പെട്രോൾ പമ്പ് അടപ്പിക്കാനെത്തിയ ഹർത്താലനുകൂലികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂർ സ്വദേശി റാഫി (37) ആണ് മംഗലപുരം പൊലീസിന്റെ പിടിയിലായത്. മറ്റുള്ളവർ ബൈക്കുകളിൽ രക്ഷപ്പെട്ടു. പോത്തൻകോട് സബ് രജിസ്ട്രാർ ഓഫീസ് സമരാനുകൂലികൾ അടപ്പിച്ചെങ്കിലും പൊലീസ് ഇടപ്പെട്ട് തുറന്നു. പോത്തൻകോട് രാവിലെ ഏതാനും ചില കടകൾ തുറന്നെങ്കിലും പിന്നീട് അടപ്പിച്ചു.