തിരുവനന്തപുരം: ആനയറ വേൾഡ് മാർക്കറ്റിൽ സെപ്‌തംബർ 5 മുതൽ 11 വരെ നടന്ന അഗ്രി എക്‌സ്‌പോയ്‌ക്ക് 40 ലക്ഷം രൂപ ചെലവായെന്നും ഈ തുക വ്യാപാരികൾ നൽകണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയുടെ സർക്കുലർ. ഓരോ വ്യാപാരിയും 50,​000 രൂപ വീതം 28ന് മുമ്പ് എക്‌സ്‌പോയുടെ അക്കൗണ്ടിലേക്ക് ഒടുക്കണമെന്നാണ് നിർദ്ദേശം.

അതേസമയം, എക്‌സ്‌പോയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യാപാരികൾ പറയുന്നു. എക്‌സ്‌പോ ആസൂത്രണം ചെയ്തതും നടത്തിയതും സെക്രട്ടറിയും ഭരണസമിതിയും ചേർന്നാണ്. വേൾഡ് മാർക്കറ്റിൽ കടമുറികൾ വാടക കൂട്ടി മറിച്ചുനൽകുന്നതായി നേരത്തെതന്നെ പരാതിയുണ്ടായിരുന്നു. ഇവരുമായി ചേർന്നാണ് എക്‌സ്‌പോ നടത്തിയതെന്നാണ് വ്യാപാരികളുടെ പക്ഷം. നഷ്ടം തങ്ങളിൽ നിന്ന് ഈടാക്കുന്നതിന് എന്ത് ന്യായമാണുള്ളതെന്നും വ്യാപാരികൾ ചോദിക്കുന്നു.

ഓണം വാരാഘോഷം നടക്കുമ്പോൾ എക്‌സ്‌പോ സംഘടിപ്പിച്ചത് നേരത്തെ തന്നെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഓണാഘോഷസമയത്ത് എക്‌സ്‌പോയിൽ എങ്ങനെ ആളുകൾ വരാനാണെന്നാണ് വ്യാപാരികളുടെ ചോദ്യം. 32 സ്റ്റാളുകളാണ് എക്‌സ്‌പോയിലുണ്ടായിരുന്നത്. ഓരോ സ്റ്റാളിനും 30,000 രൂപ വരെ വാടകയും നിശ്ചയിച്ചിരുന്നു. സ്റ്റാളുകൾ ഏറ്റെടുക്കാൻ ആരും തയ്യാറാകാതെ വന്നതോടെ വാടക ആദ്യം 20,000 ആയും പിന്നീട് 15,000 ആയും കുറച്ചുനൽകി. വാടക ഇനത്തിൽ അഞ്ചുലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. സ്‌പോൺസർഷിപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതോടെ പ്രഖ്യാപിച്ച എക്‌സ്‌പോ നടത്തുന്നതിനായി മാർക്കറ്റിന്റെ ഫണ്ടിൽ നിന്ന് 35 ലക്ഷം എടുക്കേണ്ടി വന്നെന്നാണ് സെക്രട്ടറി പറയുന്നത്. ഈ തുക തിരിച്ചടയ്‌ക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നും റോസലിൻഡ് പറഞ്ഞു.

എ‌ക്‌സ്‌പോ നടന്ന ദിവസങ്ങളിൽ തങ്ങൾക്ക് ഒരു രൂപയുടെ കച്ചവടം പോലും നടന്നിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ആ ദിവസങ്ങളിൽ കടകൾ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നെന്നും ലോഡ് ഇറക്കാൻ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടായെന്നും വ്യാപാരികൾ പരാതിപ്പെട്ടു. 85 കടകളാണ് നിലവിൽ മാർക്കറ്റിലുള്ളത്. കേരളഫെഡ്, മത്സ്യഫെഡ് അടക്കമുള്ള സർക്കാർ ഷോപ്പുകൾ ഒഴിച്ചാൽ 75 കടകൾ മാത്രമാണുള്ളത്.