p

തിരുവനന്തപുരം: നിർമ്മാണ കരാറുകാരുടെ ബാദ്ധ്യതാകാലം കഴിഞ്ഞശേഷം

റോഡുകളുടെ രണ്ടാംഘട്ട പരിപാലനം (റണ്ണിംഗ് കോൺട്രാക്ട്) ഏറ്റെടുക്കുന്നവർ അത് വീഴ്ചകൂടാതെ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തുന്ന സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്തിന്റെ 12,322 കിലോമീറ്റർ റോഡുകൾ റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഇപ്പോൾ ഇത്തരം റോഡുകളിൽ പരിശോധന നടത്തി വരികയാണ്.

ഈ സംഘം നൽകുന്ന റിപ്പോർട്ട് വിലയിരുത്തിയാകും തുടർ നടപടികൾ സ്വീകരിക്കുക.

കാസർകോട്,കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ റോഡുകളുടെ സ്ഥിതി സംഘം വിലയിരുത്തി. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്. പാലക്കാട്, കോട്ടയം, വയനാട് ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും.

നോഡൽ ഓഫീസർ ചുമതലയിലുള്ള ഐ.എ.എസ് ഓഫീസർമാർ, ചീഫ് എൻജിനിയർമാർ, സൂപ്രണ്ടിംഗ് എൻജിനിയർമാർ, എക്സിക്യൂട്ടിവ് എൻജിനിയർമാർ എന്നിവർക്കു പുറമേ, ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. വിശദമായ റിപ്പോർട്ട് സംഘം മന്ത്രിക്ക് സമർപ്പിക്കും.

റോഡുകളുടെ വിശദാംശങ്ങളും പരിപാലന ചുമതലയുള്ള കരാറുകാർ, ഉദ്യോഗസ്ഥർ എന്നിവരുടെ വിശദാംശങ്ങളും റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയുടെ ബോർഡിൽ രേഖപ്പെടുത്തും. ഇപ്പോഴത്തെ സർക്കാരാണ് റണ്ണിംഗ് കോൺട്രാക്ട് സംവിധാനം കൊണ്ടുവന്നത്.