തിരുവനന്തപുരം: മിന്നൽ ഹർത്താലിൽ തലസ്ഥാനം സ്‌തംഭിച്ചു.നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ നാമമാത്രമായാണ് സർവീസ് നടത്തിയതെങ്കിലും 18 ബസ് ഹർത്താലനുകൂലികൾ എറിഞ്ഞുതകർത്തു. റോഡിലുണ്ടായിരുന്ന സ്വകാര്യ വാഹനങ്ങളിൽ ആശുപത്രി,എയർപോർട്ട് തുടങ്ങിയ ബോർഡുകൾ പ്രദർശിപ്പിച്ചിരുന്നു. എങ്കിലുംസ്വകാര്യ വാഹനങ്ങൾ കുറവായിരുന്നു. ചാലക്കമ്പോളത്തിലെ ഭൂരിപക്ഷം കടകളും അടഞ്ഞുകിടന്നു. നഗരത്തിലെ മറ്റു കടകളും തുറന്നില്ല.ട്രെയിനിലും വിമാനത്തിലും എത്തിയവർ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ വാഹനം കിട്ടാതെ ബുദ്ധിമുട്ടി. സർക്കാർ ഓഫീസുകളും പൊതുവിദ്യാലയങ്ങളും പ്രവർത്തിച്ചെങ്കിലും ഹാജർ കുറവായിരുന്നു. കടകൾ ബഹുഭൂരിപക്ഷവും അടഞ്ഞുകിടന്നത് നഗരത്തിലെത്തിയവരെ ബുദ്ധിമുട്ടിലാക്കി. മിക്ക സ്ഥലങ്ങളിലും പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നെങ്കിലും അക്രമകാരികൾക്ക് അതൊന്നും തടസമായില്ല. വടിയും കൊടിക്കമ്പുകളുമായാണ് ഹർത്താൽ അനുകൂലികൾ കൂട്ടത്തോടെ കടകൾ അടപ്പിക്കാനിറങ്ങിയത്. ഇക്കാരണത്താൽ നാമമാത്രമായ പൊലീസുകാർക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
തിരുവനന്തപുരത്ത് നിരവധി സ്ഥലങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന് നേരെയും കല്ലറ മൈലമൂട് സുമതി വളവിലും കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. കാട്ടാക്കടയിൽ സമാരാനുകൂലികൾ മണിക്കൂറുകളോളം ബസ് തടഞ്ഞിട്ടു. ഒടുവിൽ പൊലീസ് സംരക്ഷണയോടെ യാത്ര തുടർന്നു. അഞ്ചുതെങ്ങ് മൂടിൽ കെ.എസ്.ആർ.ടിസി ബസിന് നേരെ കല്ലേറ് നടന്നു. അരുമാനൂരിൽ നിന്ന് പൂവാറിലേക്ക് പോയ ബസിന് നേരെയും ആക്രമണമുണ്ടായി.അട്ടക്കുളങ്ങര, കിള്ളിപ്പാലം,മണക്കാട് എന്നിവിടങ്ങളിലും കല്ലേറ് നടന്നു. പൂവാർ ലെയോളയ്ക്ക് സമീപത്ത് പാറശാല ഡിപ്പോയിലെ ബസിന് നേരെ കല്ലേറുണ്ടായി. ബാലരാമപുരത്ത് മാത്രം അഞ്ച് കെ.എസ്.ആർ.ടി.സി ബസുകൾ എറിഞ്ഞു തകർത്തു. കുമരിച്ചന്തയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും ടിപ്പർ ഡ്രൈവർക്കും കല്ലേറിൽ പരിക്കേറ്റു. വിമാനത്താവളത്തിലേക്ക് പോയ കാറും ശാന്തികവാടത്തിലേക്ക് പോയ ഓട്ടോയെയും സമരാനുകൂലികൾ വെറുതെവിട്ടില്ല. കാറിലും ഓട്ടോയിലും ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു.
വേങ്ങോടിന് സമീപം മഞ്ഞമലയിൽ ഹർത്താലനുകൂലികൾ കട അടിച്ചു തകർത്തു.കടയിൽ തൂക്കിയിരുന്ന പഴക്കുലകൾ റോഡിലും സമീപത്തും വലിച്ചെറിയുകയും കടയുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോത്തൻകോട് സബ് രജിസ്റ്റാർ ഓഫീസ് സമരാനുകൂലികൾ അടപ്പിച്ചെങ്കിലും പൊലീസ് ഇടപ്പെട്ട് തുറന്നു. പോത്തൻകോട്ട് രാവിലെ ഏതാനും ചില കടകൾ തുറന്നെങ്കിലും പിന്നീട് സമരാനുകൂലികൾ അടപ്പിച്ചു. ബാലരാമപുരത്തും നെടുമങ്ങാട്ടും വർക്കലയിലും കടകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.