ktda

കാട്ടാക്കട: ഹർത്താൽ ദിനത്തിൽ കാട്ടാക്കടയിൽ ബസ് കിട്ടാതെ വലഞ്ഞ വൃദ്ധയുടെ പ്രതിഷേധം ലോകം മുഴുവൻ കേട്ടു. പാവപ്പെട്ടവരായ തങ്ങൾ ജോലി​ ചെയ്‌തു ജീവി​ക്കുകയാണെന്നും അങ്ങനെയാണ് വീട് കഴി​യുന്നതെന്നും ജോലി​ക്കായി​ പോകാൻ അനുവദി​ക്കണമെന്നും പറഞ്ഞായി​രുന്നു അവർ നി​സ്സഹായാവസ്ഥയി​ൽ രോഷം പ്രകടി​പ്പി​ച്ചത്.

ഹർത്താലിന്റെ ഭാഗമായി ഇന്നലെ രാവിലെ ആറുമണിമുതൽ കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞതി​നാൽ യാത്രക്കാർ പെരുവഴി​യി​ലായപ്പോഴായി​രുന്നു ഇവർ പ്രതി​ഷേധി​ച്ച്. ഒന്നും ചെയ്യാൻ കഴി​യാത്ത അവസ്ഥയി​ലുള്ള അവരുടെ പ്രതി​ഷേധം ആരോ പകർത്തി​യത് ലോകം മുഴുവൻ മി​നി​ട്ടുകൾക്കുള്ളി​ൽ വൈറലായി​. മൗനമായി​ ഇരി​ക്കുകയല്ല വേണ്ടത്, ഇതേ പോലെ പ്രതി​കരി​ക്കുകയാണ് വേണ്ടതെന്നായി​രുന്നു കമന്റുകൾ.

ബസ് സർവീസുകൾക്ക് സംരക്ഷണം നൽകുമെന്നും കെ.എസ്.ആർ.ടി.സി പതിവുപോലെ സർവ്വീസ് നടത്തുമെന്നുമുള്ള അധികൃതരുടെ ഉറപ്പ് വിശ്വസിച്ച് കാട്ടാക്കടയിലെത്തിയവർ മണിക്കൂറുകളോളം വാഹനമില്ലാതെ വലഞ്ഞു. ഏറെനേരം കാത്തുനിന്നിട്ടും ബസുകൾ സർവീസിന് ഒരുങ്ങുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോഴാണ് വൃദ്ധയുടെ രോഷം അണ പൊട്ടിയത്.

ഹർത്താലിൽ നിസാഹയരായ സാധാരണക്കാരുടെ ശബ്‌ദമാണ് അവരിൽ നിന്നുയർന്ന് കേട്ടത്. ഒരാൾ പ്രതി​കരി​ച്ചതോടെ കൂലിപ്പണിക്കാരുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി മുന്നോട്ട് വന്നു. ഗ്രാമീണ മേഖലയിൽ നിന്നും വന്നവർ സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് മുന്നിൽ തടിച്ചു കൂടി പ്രതിഷേധം അറിയിച്ചു. ഇതോടെയാണ് പൊലീസും കെ.എസ്.ആർ.ടി.സിയും ഉണർന്ന് പ്രവർത്തി​ച്ചത്.