
തിരുവനന്തപുരം: ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ എന്ന വിഷയത്തിൽ കിംസ് ഹെൽത്ത് സെമിനാർ സംഘടിപ്പിച്ചു. ഡെവലപ്പ്‌മെന്റ് പീഡിയാട്രിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ അമേരിക്കയിൽ ഓട്ടിസം റിസർച്ചറും യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ സ്‌കൂൾ ഒഫ് മെഡിസിൻ പ്രൊഫസറുമായ കാതറിൻ ലോർഡ് മുഖ്യ പ്രഭാഷകയായി.
ഓട്ടിസം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സെമിനാർ നടത്തിയത്. ഓട്ടിസം ചികിത്സയിലെ വെല്ലുവിളികളെപ്പറ്റി വിശദമായി ചർച്ചചെയ്ത സെമിനാറിൽ ഓട്ടിസം ബാധിച്ചവരെ ചികിത്സിക്കുന്നതിന്റെ വിവിധ രീതികളും ഘട്ടങ്ങളും കാതറിൻ ലോർഡ് വിശദീകരിച്ചു. മറ്റുള്ള രോഗങ്ങൾ ചികിത്സിക്കുന്നതുപോലെ ഓട്ടിസത്തെയും കാണണമെന്നും മനുഷ്യർ ഓരോരുത്തരും വ്യത്യസ്തരായിരിക്കുന്നതു പോലെത്തന്നെ ഓട്ടിസം ബാധിതരെയും സമൂഹം അംഗീകരിക്കണമെന്നും അവർ പറഞ്ഞു. ഓട്ടിസം ബാധിതരുടെ പെരുമാറ്റത്തിലും, കാര്യങ്ങൾ മനസിലാക്കുന്നതിലുമാണ് കൂടുതൽ ശ്രദ്ധ കൊടുത്ത് ചികിത്സിക്കേണ്ടത്. നേരത്തേ ഓട്ടിസം തിരിച്ചറിഞ്ഞ് ചികിത്സിക്കാനായാൽ ഓട്ടിസം ബാധിച്ചവരെ മുന്നോട്ട് കൊണ്ടുവരാനാകും. വൈകി ചികിത്സ തുടങ്ങിയവരെ അപേക്ഷിച്ച് നേരത്തേ ചികിത്സിക്കുന്നവരിലാണ് ചികിത്സാഫലം കാണുന്നതെന്നും തന്റെ പഠന റിപ്പോർട്ട് മുൻനിറുത്തി അവർ പറഞ്ഞു. ഭാഷയിലും കാര്യങ്ങൾ പരസ്‌പരം പങ്കുവയ്‌ക്കുന്നതിലും ഓട്ടിസം ബാധിതരെ പ്രാപ്തരാക്കുന്നത് അവരുടെ രോഗതീവ്രത കുറയ്‌ക്കാൻ ഏറെ സഹായിക്കും.കിംസ് ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള, ടെക്‌നോപാർക്ക് ഫൗണ്ടർ സി.ഇ.ഒ ജി.വിജയരാഘവൻ, സീനിയർ കൺസൾട്ടന്റ് ഡോ. ബാബു ജോർജ്, ഡോ. ജമീല കെ. വാര്യർ എന്നിവരും സംസാരിച്ചു.