
കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ അച്‌ഛനും മകൾക്കും മർദ്ദനമേറ്റ സംഭവത്തിൽ നിർണ്ണായകമായ ദൃശ്യം ചിത്രീകരിച്ച ആളെ പിടികിട്ടി. വീഡിയോ ചിത്രീകരിക്കുന്നതിനൊപ്പം കൈ ചൂണ്ടി ''പെൺമക്കളുടെ മുന്നിലിട്ട് അച്‌ഛനെ മർദ്ദിക്കുന്നോ?'' എന്നു ചോദിക്കുന്ന ആളെ കണ്ടെത്തിയതോടെ ദൃശ്യം പകർത്തിയ വ്യക്തിക്ക് അഭിനന്ദനപ്രവാഹമാണിപ്പോൾ.
വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ശ്രീജിത്താണ് പ്രേമനന്റെയും രേഷ്‌മയുടെയും തലവര മാറ്റിയ ദൃശ്യം പകർത്തിയത്. വീഡിയോയിലെ ശബ്‌ദം കേട്ട് സഹപ്രവർത്തകർ തന്നെയാണ് ഒടുവിൽ കാമറാമാനെ കണ്ടെത്തിയത്. ഒരുപക്ഷേ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഈ ദൃശ്യം ഇല്ലായിരുന്നെങ്കിൽ , ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ ജാമ്യമില്ലാവകുപ്പ് ചുമത്തി പ്രേമനൻ അഴിയെണ്ണേണ്ടി വന്നേനെ.
വർഗസ്നേഹം മാറ്റിവച്ച് മനുഷ്യസ്നേഹം പ്രകടിപ്പിച്ച ശ്രീജിത്തിന് യൂണിയൻ നേതാക്കളിൽ നിന്നും ഭീഷണി വന്നതോടെ മാനേജ്‌മെന്റിന് അപേക്ഷ നൽകി ശ്രീജിത്ത് ഇപ്പോൾ സ്ഥലംമാറ്റം വാങ്ങി സ്വന്തം നാടായ വടകരയിലേക്ക് പോയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി അധികൃതർ ഇന്നലെ ഇക്കാര്യം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
അതേസമയം താനല്ല ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് ശ്രീജിത്ത് ആണയിടുന്നത്. സംഭവം നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നു. ആ ചോദ്യം ചോദിച്ചതും കൈ ചൂണ്ടിയതും ഒക്കെ താനാണെന്നും ശ്രീജിത്ത് പറയുന്നു. തന്റെ സമീപത്തുണ്ടായിരുന്ന മറ്റൊരാളാണ് ഇത് ചിത്രീകരിച്ചതെന്നും അയാൾ ആരാണെന്ന് തനിക്കും അറിയില്ലെന്നാണ് ശ്രീജിത്ത് പറയുന്നത്. തനിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള തന്റെ ഫോട്ടോ പതിച്ച ചിത്രങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. നടക്കാൻ പാടില്ലാത്ത ഒരു കാര്യം നടന്നപ്പോൾ അങ്ങനെ ചെയ്യരുത് എന്ന് മാത്രം വിലക്കുകയാണ് താൻ ചെയ്‌തതെന്നും ശ്രീജിത്ത് പറയുന്നു.