കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ക്ഷേത്രസമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കോലത്തുകര ശ്രീനാരായണ കൺവെൻഷൻ ഒക്ടോബർ 4 ,5 തീയതികളിൽ നടക്കും. വിവിധ സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, ഗുരുദേവ ദർശനങ്ങളെയും കൃതികളെയും അടിസ്ഥാനമാക്കിയുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയവ കൺവെൻഷന്റെ ഭാഗമായി നടക്കും. ഒക്ടോബർ 4 ന് രാവിലെ 9 മണിക്കാണ് രജിസ്‌ട്രേഷൻ. 10 ന് നടക്കുന്ന സമ്മേളനം വി.കെ.പ്രശാന്ത് എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ എസ്. ശിശുപാലൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിഷാ ജോൺ, കൗണസിലർ മേടയിൽ വിക്രമൻ, കുളത്തൂർ അജയൻ, ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ്ബാബു തുടങ്ങിയവർ സംസാരിക്കും. ക്ഷേത്രസമാജം പ്രസിഡന്റ് ജി. ശിവദാസൻ സ്വാഗതവും ഭരണസമിതി അംഗം പ്രവീൺ പി. ആർ. നന്ദിയും പറയും. 5 ന് നടക്കുന്ന പ്രഭാഷണ ചടങ്ങിൽ ഡോ.എസ്.കെ. രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രസമാജം പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുധീ‌ഷ്‌ കുമാർ സ്വാഗതവും ക്ഷേത്രസമാജം വൈസ് പ്രസിഡന്റ് മണപ്പുറം ബി. തുളസീധരൻ നന്ദിയും പറയും. കൺവെൻഷനോടനുബന്ധിച്ച് യു.പി, എച്ച്.എസ്,ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി ഗുരുദേവ കൃതികളുടെ പാരായണം, ക്വിസ്, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ ഞായറാഴ്ച രാവിലെ 9 മുതൽ തുടങ്ങുമെന്ന് ക്ഷേത്രസമാജം പ്രസിഡന്റ് ജി.ശിവദാസനും സെക്രട്ടറി എസ്. സതീഷ്ബാബുവും അറിയിച്ചു.