തിരുവനന്തപുരം: ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഇടപ്പഴഞ്ഞിയിൽ വീടിന് തീപിടിച്ചു. പാലോട്ടുകോണം ലെയിനിൽ തോട്ടത്തിൽവീട്ടിൽ ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. വീടിന്റെ മുകൾ നിലയിൽ താമസിച്ചിരുന്ന നിഷയുടെയും കുടുംബത്തിന്റെയും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു.

വീട്ടുകാർ അറിയിച്ചതനുസരിച്ച് ചെങ്കൽച്ചൂളയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി അരമണിക്കൂർ പ്രയത്നിച്ചാണ് തീ കെടുത്തിയത്. തീയും പുകയും ഉയർന്നപ്പോൾത്തന്നെ വീട്ടുകാർ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല. ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.