
കിളിമാനൂർ: സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ കാനാറ ചരുവിളപുത്തൻ വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ അൻഷാദ് (26) ആണ് പിടിയിലായത്. പ്രതിയിൽ നിന്നും ചെറിയ കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 19.49 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കാനാറ വാട്ടർടാങ്ക് ജംഗ്ഷനു സമീപമുള്ള ഇടറോഡിൽ വച്ചാണ് പ്രതി പിടിയിലായത്.
കിളിമാനൂർ മേഖലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കഞ്ചാവ് വിൽപ്പന. ഒരുമാസമായി പ്രതി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവർ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇയാളുടെ കൈയിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരം പൊലീസ് ശേഖരിച്ചു. കഞ്ചാവ് എത്തിച്ച് നൽകുന്നവരെയും പതിവായി കഞ്ചാവ് വാങ്ങുന്നവരെയും ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ.നായർ,എ.എസ് ഐ ഷാജു, എസ്. സി.പി.ഒ.മാരായ മഹേഷ്, ബിനു, ഷാഡോ ടീം അംഗങ്ങളായ ഷിജു,അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.