
നെയ്യാറ്റിൻകര: ഒടുവിൽ നെയ്യാറ്റിൻകര കോടതി റോഡിന് ശാപമോക്ഷമേകി അറ്റകുറ്റപ്പണികൾക്ക് തുടക്കമായി. റീടാറിംഗിന് മുന്നോടിയായി പഴയ ഓട പൂർണമായും പൊളിച്ചുമാറ്റി വീതി കൂട്ടിയുള്ള പുതിയ ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി. നെയ്യാറ്റിൻകര കൃഷ്ണൻകോവിൽ ജംഗ്ഷനിൽ നിന്ന് പാലക്കടവ് വരെയുള്ള 300 മീറ്ററോളം ദൂരമുള്ള റോഡാണ് തകർന്ന് തരിപ്പണമായി കാൽനട, വാഹനയാത്ര പോലും ബുദ്ധിമുട്ടിലായിരുന്നത്. റോഡിന്റെ തകർന്ന ഭാഗത്തിന്റെ ഇരുവശവും സ്ഥിതിചെയ്യുന്നത് കോടതിയും വക്കീൽ ഓഫീസുകളും, കോടതിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളുമായതിനാൽ ഏറെ തിരക്കേറിയ ഈ റോഡിന്റെ ശോചനീയവസ്ഥ സംബന്ധിച്ച് 'കേരളകൗമുദി' നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പൈപ്പ് പൊട്ടിയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിലാണ് റോഡിന്റെ ടാറെല്ലാം ഇളകി ഒലിച്ച് കുണ്ടും കുഴിയുമായിട്ടുള്ളത്.
പൊതുമരാമത്ത് ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇപ്പോൾ റോഡ് നവീകരണം യാഥാർത്ഥ്യമാക്കുന്നത്. റോഡ് വീതികൂട്ടുന്നതോടൊപ്പം പൈപ്പ് പൊട്ടൽ ഒഴിവാക്കാനായുള്ള നടപടിയുടെ ഭാഗമായാണ് ഓട പൂർണമായും പൊളിച്ചുമാറ്റി അറ്റകുറ്റപ്പണി നടത്തി നിർമ്മാണം പുരോഗമിക്കുന്നത്. കോടതി റോഡിലെ അടിക്കടിയുളള പൈപ്പ് പൊട്ടൽ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജലഅതോറിട്ടി അധികൃതരെ അറിയിച്ചിട്ടും അവരുടെ നിർദ്ദേശപ്രകാരം റോഡിന്റെ റീടാറിംഗ് പ്രവർത്തനങ്ങൾ സജ്ജീകരിക്കുമെന്നും കെ. ആൻസലൻ എം.എൽ.എ വ്യക്തമാക്കി.