
വിതുര: വാമനപുരം നദിയിൽ ആനപ്പാറ മണലിയിൽ നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം നീളുന്നു. ഒരുമാസം മുൻപാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായത്.പാലത്തിന്റെ ഉദ്ഘാടന തീയതി തീരുമാനിച്ച് നോട്ടീസ് ഇറക്കിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉദ്ഘാടനം നടന്നില്ല.
പാലം എന്ന മണലി നിവാസികളുടെ ചിരകാലാഭിലാഷം മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് പൂവണിയുന്നത്. നബാർഡിന്റെ സഹായത്തോടെയാണ് പുതിയ പാലം നിർമ്മിച്ചത്.
നിർമ്മാണപ്രവർത്തനങ്ങൾക്കിടയിൽ ഒരു വർഷം മുൻപുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് പാലത്തിന്റെ ഒരു വശം തകർന്നിരുന്നു. പിന്നീട് ജി.സ്റ്റീഫൻ എം.എൽ.എയുടെ ഇടപെടലുകളെ തുടർന്ന് പെട്ടെന്ന് പണി പൂർത്തീകരിക്കുകയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വിതുര പഞ്ചായത്ത് ഭരണസമിതി ഫണ്ട് അനുവദിക്കുകയും ഇരുമ്പ് ഷീറ്റുകൊണ്ട് താത്കാലിക പാലം നിർമ്മിക്കുകയും ചെയ്തു. ഇൗ പാലത്തിലൂടെയാണ് മണലി നിവാസികൾ വർഷങ്ങൾ സഞ്ചരിച്ചത്.പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി മണലി നിവാസികൾ മുട്ടാത്ത വാതിലുകളില്ല. അനവധി തവണ നിവേദനം നൽകി. സമരപരമ്പര തന്നെ അരങ്ങേറിയിരുന്നു.പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് പുതിയ പാലം നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ചത്. പാലത്തിന്റെ ഉദ്ഘാടനം ഉടൻ നടത്തുമെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്.