കടയ്ക്കാവൂർ: കൊവിഡ് വ്യാപനത്തോടെ കടയ്ക്കാവൂരും പരിസര പ്രദേശങ്ങളിലും സർവ്വീസ് നിറുത്തിയ ബസുകൾ പുനഃരാരംഭിക്കുന്ന കാര്യം കെ.എസ്.ആർ.ടി.സി മറന്നു. സർവ്വീസ് ആരംഭിക്കാത്തതോടെ യാത്രക്കാർ യഥാസമയത്ത് ആശുപത്രികളിലും ഓഫീസുകളിലുമടക്കം എത്താനാകാതെ ബുദ്ധിമുട്ടുകയാണ്. വർക്കല കടയ്ക്കാവൂർ വഴി തിരുവനന്തപുരത്തേക്ക് നാല് പാസഞ്ചർ സർവ്വീസുകൾ ഉണ്ടായിരുന്നു, വർക്കല കടയ്ക്കാവൂർ ആറ്റിങ്ങൽ വഴി തിരുവനന്തപുരത്തേക്ക് ഉണ്ടായിരുന്ന ഫാസ്റ്റ് പാസഞ്ചർ യാത്രകാർക്ക് ആശ്വാസമായിരുന്നു. നല്ല വരുമാനമുണ്ടായിരുന്ന വെന്നിയോട് കടയ്ക്കാവൂർ വഴി തിരുവനന്തപുരത്തേക്ക് പോയിരുന്ന പാസഞ്ചറും സർവ്വീസ് നിറുത്തി. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്കും മുതലപ്പൊഴി, കടയ്ക്കാവൂർ, ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്കും നേരത്തെ സർവ്വീസുണ്ടായിരുന്നു. കടയ്ക്കാവൂർ ആലംകോട് വഴി കൊല്ലത്തേക്കും കടയ്ക്കാവൂരിൽ നിന്ന് ആറ്റിങ്ങൽ വഴി കിഴക്കൻ പ്രദേശങ്ങളിലേക്കും ബസുകൾ ഉണ്ടായിരുന്നു. ഈ സർവ്വീസുകൾ പുന:രാരംഭിക്കുന്ന കാര്യം കെ.എസ്.ആർ.ടി.സി അധികൃതർ ശ്രദ്ധിക്കുന്നില്ല. മെഡിക്കൽകോളേജ്, ടെക്നോപാർക്ക്, ആശുപത്രികൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ സമയത്ത് എത്താൻ കഴിയാതെ യാത്രക്കാർ വിഷമിക്കുകയാണ്. നിവേദനങ്ങളും പത്രവാർത്തകളും ഉണ്ടായിട്ടും കെ.എസ് ആർ.ടി.സിക്ക് ഒരനക്കവുമില്ല. വിഷയത്തിൽ അടിയന്തരമായി ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.