തിരുവനന്തപുരം:എ.കെ.ജി സെന്റർ ആക്രമണത്തിന്റെ പേരിൽ മാസങ്ങൾക്ക് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാനുള്ള ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. കവടിയാർ ജവഹർ നഗറിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് ഉച്ചയ്ക്ക് 12ന് പ്രവർത്തകർ പ്രതിഷേധ മാർച്ചുമായി എത്തി. മാർച്ച് ക്രൈം ബ്രാബ് ഓഫീസിന് സമീപം പൊലീസ് ബാരിക്കേട് കെട്ടി തടഞ്ഞു. പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ മൂന്ന് റൗണ്ട് ജലപീരങ്കി പൊലീസ് പ്രവർത്തകർക്ക് നേരെ പ്രയോഗിച്ചു. ഇതിൽ പ്രകോപിതരായ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിയ.ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി.ഇത് കൂടുതൽ സംഘർഷത്തിലേക്ക് കടന്നു.പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ഷജീർ നേമം, ചിത്രദാസ് , വിനോദ് കോട്ടുകാൽ,അരുൺ എസ്.പി, എ .ജി ശരത്,കെ.എഫ്.ഫെബിൻ,ടി.ആർ.രാജേഷ്, അജയ് കുര്യാത്തി,ജില്ലാ ഭാരവാഹികളായ ഷാജി മലയിൻകീഴ്, ഹാഷിം റഷീദ്, വിഷ്ണു വഞ്ചിയൂർ, ശ്യാം വെള്ളറട, അനൂപ് പാലിയോട് , പ്രമോദ്, ഋഷി കൃഷ്ണൻ, അഫ്സൽ ബാലരാമപുരം, മാഹീൻ പഴഞ്ചിറ, അച്ചു ഘോഷ്, അക്രം അർഷാദ്, അനീഷ് ചെമ്പഴന്തി, ഷമീർ ഷാ തുടങ്ങിയവർ പങ്കെടുത്തു.