pp

വർക്കല: ചി​കി​ത്സയ്‌ക്ക് കൂടുതൽ പണം വീട്ടുകാർ ചെലവഴി​ക്കുന്ന വി​രോധത്താൽ കിടപ്പുരോഗിയായ അനുജനെ ജ്യേഷ്ഠൻ കുത്തി കൊലപ്പെടുത്തി. വർക്കല മേൽവെട്ടൂർ 'കാർത്തിക' യിൽ സന്ദീപാണ് (45) കൊല്ലപ്പെട്ടത്. സംഭവത്തി​ൽ വെറ്ററി​നറി​ ഡോക്‌ടറായ സഹോദരൻ സന്തോഷി​നെ (52) വർക്കല പോലീസ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച പുലർച്ചെ ഒന്നരമണിയോടെയാണ് കൊലപാതകം.

പേട്ട റെയിൽവേ ഹോസ്‌പിറ്റലിൽ അറ്റൻഡറായ സന്ദീപ് അപസ്‌മാരബാധി​തനായി​ നാലുവർഷമായി കി​ടപ്പി​ലാണ്. സന്ദീപും സഹായി​ സത്യദാസും വീടിനോടു ചേർന്ന ഔട്ട് ഹൗസിലാണ് താമസം. ഇന്നലെ രാത്രി​ ഒൗട്ട്‌ഹൗസി​ന്റെ പുറകി​ലെ വാതി​ലി​ലൂടെ അതി​ക്രമി​ച്ചെത്തിയ പ്രതി​ സന്ദീപിന് തൊണ്ടയിലൂടെ ആഹാരം നൽകുന്ന ട്യൂബ് വലിച്ചെടുത്തു. അക്രമാസക്തനായ സന്തോഷി​നെ കണ്ട് ഭയന്ന സത്യദാസ് വി​ളി​ച്ച് പൊലീസ് എത്തി​യെങ്കി​ലും അതി​ന് മുമ്പ് തന്നെ സന്ദീപിന്റെ നെഞ്ചിൽ പൂർണ്ണമായും കത്തി കുത്തിയിറക്കി. കത്തി​തറച്ച നി​ലയി​ൽ തന്നെ സന്ദീപിനെ പോലീസ് ഉടനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട സന്ദീപിന്റെ ചികിത്സയ്‌ക്ക് വീട്ടുകാർ കൂടുതൽ പണം ചിലവഴിക്കുന്നതിലെ വിരോധവും സന്ദീപിന്റെ സ്വത്ത് സ്വന്തമാക്കണമെന്ന ഉദ്ദ്യേശവുമാണ് കൊലയ്‌ക്ക് പിന്നിലെന്ന് സന്തോഷ് പൊലീസി​നോട് വെളി​പ്പെടുത്തി​. സന്തോഷ് പലപ്പോഴും സന്ദീപിനെ കൊല്ലുമെന്ന് ഭീഷണി​പ്പെടുത്തി​യി​രുന്നു.

പ്രതി​യെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പനയി​ൽ വെറ്ററി​നറി ഡോക്ടർ ആയി ജോലി ചെയ്‌തു വരവെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നത് പതിവായതിനെ തുടർന്ന് സന്തോഷ് സസ്‌പെൻഷനി​ലാണ്. വൈദ്യപരിശോധനയ്‌ക്ക് ഇയാളെ കൊണ്ടു വന്ന സമയത്തും പ്രതി അക്രമസക്തനായി​രുന്നു. കൊലപാതകത്തിന് ശേഷം ഞാൻ കൊന്നു എന്ന് പലവട്ടം ഇയാൾ പറഞ്ഞതായി​ സത്യദാസ് പൊലീസി​ൽ മൊഴി​ നൽകി​.

മാതാവ് സോമലതയും സന്തോഷും മുൻവശത്തെ കുടുംബവീട്ടിലാണ് താമസം. പകൽ സന്ദീപിനെ പരിചരിക്കാൻ ഒൗട്ട് ഹൗസിലെത്തുന്ന അമ്മ രാത്രി ഉറങ്ങാൻ വീട്ടി​ൽ പോകും. ഇവരുടെ പി​താവ് സുഗതൻ നേരത്തെ മരിച്ചു. അവിവാഹിതനാണ് സന്ദീപ്. സന്തോഷ് വിവാഹമോചി​തനാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റൂറൽ എസ്.പി ഡി. ശില്പ, വർക്കല ഡിവൈ.എസ്.പി. പി. നിയാസ്, എസ്.എച്ച്.ഒ സനോജ്, എസ്‌.ഐ രാഹുൽ എന്നിവർ സ്ഥലത്തെത്തി. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ റിമാൻഡ് ചെയ്‌തു.