
തിരുവനന്തപുരം: പിണറായി വിജയൻ കേരളത്തിൽ മോദിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ പറഞ്ഞു. ആർ.എസ്.പി തിരുവനന്തപുരം ജില്ലാ സമ്മേളനം പ്രിയർദർശനി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടത്. അധികാരം നേടിയ ശേഷം പ്രധാനമന്ത്രി ആരെന്നകാര്യം തീരുമാനിക്കാം. കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത് തന്നെ സ്വാഗതാർഹമാണ്. കേരളത്തിലെ സി.പി.എമ്മിന്റെ അന്ധമായ കോൺഗ്രസ് വിരോധം ഒരിക്കലും ഗുണം ചെയ്യില്ല. അമിത്‌ഷാ ആഗ്രഹിക്കുന്നത് എന്താണോ അതാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.ശ്രീകുമാരൻ നായർ, കെ.എസ്.സനൽകുമാർ, ഇറവൂർ പ്രസന്നകുമാർ, ഇല്ലിക്കൽ അഗസ്‌തി, കെ.ചന്ദ്രബാബു, എസ്.സത്യപാലൻ, എസ്.കൃഷ്‌ണകുമാർ, വിനോബ താഹ, എം.കെ.അജയ്ഘോഷ്, പി.ശ്യാംകുമാർ, കരിക്കകം സുരേഷ്, നന്ദിയോട് ബാബു, യു.എസ്.ബോബി, എസ്.എസ്.സുധീർ, അടക്കമുള്ളവർ പങ്കെടുത്തു. 'മതേത ഇന്ത്യയുടെ ഭാവി" എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എൻ.കെ.പ്രമേചന്ദ്രൻ എം.പി മോഡറേറ്ററായി. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, കോരാണി ഷിബു, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, മുൻ മന്ത്രി ബാബു ദിവാകരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും.