തിരുവനന്തപുരം:ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി അക്ഷരപൂജ നൃത്ത സംഗീതോത്സവം തിങ്കളാഴ്ച മുതൽ ഒക്ടോബർ അഞ്ചുവരെ മണക്കാട് മാർക്കറ്റ് ജംഗ്ഷനിലെ ചട്ടമ്പിസ്വാമി നഗറിൽ നടക്കും. 26ന് വൈകിട്ട് 6ന് നവരാത്രി അക്ഷരപൂജ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.ആഘോഷക്കമ്മിറ്റി ചെയർമാൻ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. 27ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരികോത്സവം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും 28ന് മന്ത്രി വി.ശിവൻകുട്ടിയും 29 ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും 30ന് കേന്ദ്ര മന്ത്രി വി.മുരളീധരനും ഒക്ടോബർ ഒന്നിന് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. 5ന് രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.രാവിലെ 7.30ന് കുട്ടികളെ എഴുത്തിനിരുത്തൽ ചടങ്ങിൽ കേരള സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി ഒലീന, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ തമ്പാൻ, ആകാശവാണി സ്റ്റേഷൻ ഡയറക്ടർ മീരാ റാണി, ആൾസെയിന്റ്സ് കോളേജ് മലയാളം അദ്ധ്യാപിക ഡോ. സി. ഉദയകല തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ. ശ്രീവത്സൻ നമ്പൂതിരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ യാഗാശ്രീകുമാർ, കൺവീനർ ജി. വിജയകുമാർ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ട്രഷറർ ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുത്തു.