pzm

കാട്ടാക്കട: പേഴുംമൂട് - പന്നിയോട്-കാട്ടാക്കട റോഡ് ചെളിക്കളമായിട്ടും നടപടിയില്ല. ഒടുവിൽ നാട്ടുകാർ സംഘടിച്ച് പിരിവെടുത്ത് കുഴിയടച്ച് പ്രതിഷേധിച്ചു. ഈ റോഡിലെ വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇതു വഴി കാൽനടയാത്ര പോലും ദുഷ്കരമായ അവസ്ഥയിലായിട്ട് വർഷങ്ങളായി.

പേഴുമൂട് മുതൽ വീരണകാവ് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരമാണ് ഈ റോഡിനുള്ളത്. പത്ത് വർഷങ്ങൾക്ക് മുൻപ് ടാറിംഗും നടത്തിയ റോഡിൽ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് തകർച്ചയ്ക്ക് കാരണം. മാത്രവുമല്ല ഈറോഡിൽ വെള്ളം ഒഴുകിപ്പോകാൻ ഓടകൾ പോലും നിർമ്മിക്കാത്തതാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമായത്.

പേഴുംമൂട്, മാമ്പള്ളി, പന്നിയോട്, കല്ലാമം, പട്ടകുളം, പള്ളിനട പ്രദേശങ്ങളിൽ റോഡിന്റെ അവസ്ഥ ദയനീയമാണ്. സ്കൂളുകൾ തുറന്നതോടെ വിവിധ പ്രദേശങ്ങളിൽ നിന്നും അൻപതോളം സ്വകാര്യ സ്കൂൾ-കോളേജ് ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി സഞ്ചരിക്കുന്നത്.

കുഴിയും വെള്ളക്കെട്ടും

റോഡിന്റെ മിക്കയിടങ്ങളിലും ഓടകൾ സ്ഥാപിക്കാതെ പണിചെയ്തതാണ് വെള്ളം കെട്ടിനിന്ന് റോഡ് തകരാൻ കാരണമായത്. മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതു കാരണം ഇരുചക്രവാഹനയാത്രാക്കാരും സ്വകാര്യ വാഹന യാത്രാക്കാരും അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. ഇവിടത്തെ എൽ.പി യു.പി സ്കൂളുകളിലും നിരവധി കുട്ടികളാണ് പഠിക്കുന്നത്. ഇവർക്കും ഈ റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരമായിട്ടുണ്ട്.

സർവീസും നിറുത്തി

റോഡിലെ വലിയ കുഴികളിൽ യാത്ര ദുഷ്ക്രമായതോടെ വിവിധ ഡിപ്പോകളിൽ നിന്നും പന്നിയോട് വഴി ഉണ്ടായിരുന്ന സർവീസുകളും വെട്ടിച്ചുരുക്കി. ഇത്രയുമായിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കേണ്ട പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതു പ്രവർത്തകരും ഇതൊന്നും കണ്ട മട്ടില്ല. കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മത്സര രംഗത്തുള്ളവർ റോഡിന്റെ ശോചനീയാവസ്ഥയെപ്പറ്റി സംസാരിക്കും അതു കഴിഞ്ഞാൽപ്പിന്നെ ഇവർ ഇക്കാര്യം ഓർക്കണമെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് വരണമെന്നാണ് പ്രദേശവാസികളുടെ പരാതി.

റോഡിന്റെ ദുരവസ്ഥമാറ്റാൻ ആരും തയ്യാറാകാത്ത സാഹചര്യത്തിൽ സഹികെട്ട നാട്ടുകാർ പിരിവെടുത്ത് കുഴികൾ മൂടി. പേഴുംമൂട് പന്നിയോട് റോഡിൽ മാമ്പള്ളിയിലാണ് നാട്ടുകാർ വാഹന യാത്രക്കാരുടെ കൈയിൽ ഒന്നും പിരിവെടുത്ത് വലിയ ഗർത്തം ജനപ്രതിനിധികളോടുള്ള പ്രതിഷേധം കൂടി അറിയിച്ചാണ് ജെ.സി.ബി വാടകയ്ക്കെടുത്ത് നാട്ടുകാർ പണികൾ നടത്തിയത്.