തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർപ്പാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സമരസമിതി നേതാക്കളുമായുള്ള കൂടിക്കാഴ്‌ച എ.കെ.ജി സെന്ററിൽ നടന്നു. തുറമുഖ വിഷയത്തിൽ സി.പി.എം ഇടപെടലുണ്ടാകുമെന്ന് സമരസമിതി നേതാക്കൾക്ക് എം.വി. ഗോവിന്ദൻ ഉറപ്പുനൽകി. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് സർക്കാർ സമഗ്ര പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രാദേശിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി ആഘാതപഠനം നടത്താനും തയ്യാറായേക്കും. മത്സ്യത്തൊഴിലാളികളുമായി ചർച്ച ചെയ്‌ത് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് അതിരൂപത അധികൃതർ പറയുന്നത്. ഇക്കാര്യങ്ങൾ രേഖമൂലം എഴുതിനൽകണമെന്ന് സമരസമിതി നേതാക്കൾ എം.വി. ഗോവിന്ദനോട് ആവശ്യപ്പെട്ടു. തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ല. ഇതൊഴിച്ച് മറ്റ് ആറ് ആവശ്യങ്ങളിലും സർക്കാർ വ്യക്തത നൽകിയാൽ സമരത്തിൽ നിന്ന് സമരക്കാർ പിന്നോട്ട് പോയേക്കും. മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച ചെയ്‌ത് നയപരമായ തീരുമാനത്തിലെത്താമെന്നാണ് എം.വി. ഗോവിന്ദൻ സമരസമിതി നേതാക്കൾക്ക് നൽകിയ ഉറപ്പ്. കേരള റീജിയണൽ ലാറ്റിൻ കാതലിക്ക് കൗൺസിലുമായി കൊച്ചിയിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് എം.വി. ഗോവിന്ദൻ എ.കെ.ജി സെന്ററിൽ സമരസമിതി നേതാക്കളെ കണ്ടതെന്ന് ലത്തീൻ അതിരൂപതയുടെ പ്രതിനിധി കേരളകൗമുദിയോട് പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘവുമായി ഇന്നലെ വൈകിട്ടായിരുന്നു കൂടിക്കാഴ്‌ച. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ ജില്ലയിലെ തീരദേശ ക്യാമ്പുകൾ സന്ദർശിക്കുമെന്ന് ഗവർണർ അറിയിച്ചിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് സർക്കാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും ചർച്ചയ്‌ക്ക് മുൻകൈയെടുത്തത്.

 തിങ്കളാഴ്‌ച നിലപാട് അറിയിക്കും: യൂജിൻ പെരേര

വിഴിഞ്ഞം വിഷയത്തിൽ അതിരൂപതയ്‌ക്ക് തുറന്ന മനസാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര ചർച്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങളിൽ തിങ്കളാഴ്‍ച നിലപാടറിയിക്കും. സമരം ജീവന്മരണ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

 ചൊവാഴ്‌ച വീണ്ടും ചർച്ച

ചൊവാഴ്‌ച മന്ത്രിസഭാ ഉപസമിതി സമരസമിതി നേതാക്കളുമായി വീണ്ടും ചർച്ച നടത്തും. ഈ ചർച്ചയിൽ വിവിധ പാക്കേജുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.