pmg

തിരുവനന്തപുരം : ലോറി കൂറ്റൻ മരത്തിലിടിച്ചതിനെ തുടർന്ന് മരക്കൊമ്പ് ഒടിഞ്ഞ് വാഹനങ്ങൾക്ക് മുകളിലൂടെ നിലംപൊത്തി. സംഭവത്തിൽ ഒരു ഓട്ടോ ഭാഗികമായി തകർന്നു. ഒമിനി വാനിനും കേടുപാട് സംഭവിച്ചു. ഏറെ നേരം വാഹനഗതാഗതം താറുമാറായി. ഇന്നലെ വൈകിട്ട് പി.എം.ജിയിലായിരുന്നു സംഭവം. ഹനുമാൻ ക്ഷേത്രത്തിന് എതിർവശത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തോട് ചേർന്നു നിന്ന കൂറ്റൻ മുള്ളുമരത്തിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വലിയ മരക്കൊമ്പ് ഒടിഞ്ഞ് ഇതു വഴിയെത്തിയ ഓട്ടോറിക്ഷയ്ക്കും വാനിനും മുകളിലൂടെ വീണു. പട്ടം ഭാഗത്ത് നിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മരത്തിൽ ഇടിച്ചത്. ഈ ലോറിക്ക് പിന്നാലെ വരികയായിരുന്ന വാഹനങ്ങൾക്കാണ് കേടുപാടുണ്ടായത്. മരക്കൊമ്പ് ഒടിഞ്ഞ് റോഡിലേക്ക് വീണതോടെ ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചു. ദീർഘദൂര ബസുകൾ ഉൾപ്പെടെ കുടുങ്ങി. മരക്കൊമ്പ് ചെയിൻസോ ഉപകരണവും വടവും ഉപയോഗിച്ചാണ് മുറിച്ച് നീക്കിയത്. അഗ്നിരക്ഷാസേന ചെങ്കൽചൂള യൂണിറ്റിലെ സ്റ്റേഷൻ ഓഫീസർ അനീഷ് കുമാർ, മധുകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അരമണിക്കൂറിലധികം പരിശ്രമിച്ചാണ് മരക്കൊമ്പ് മുറിച്ച് മാറ്റിയത്.