
തിരുവനന്തപുരം: നവരാത്രി വിഗ്രഹഘോഷയാത്ര തലസ്ഥാനത്തെത്തുന്ന വേളയിലും ചെന്തിട്ടയിലെ മാലിന്യക്കൂമ്പാരം നീക്കിയില്ല. ചെന്തിട്ട ഭഗവതി ക്ഷേത്രത്തിന്റെ വടക്കേനടയിലാണ് റെയിൽവേയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുന്നത്. നവരാത്രി ഘോഷയാത്ര കടന്നുവരുന്നത് ഇതുവഴിയാണ്. റെയിൽവേയിൽ നിന്ന് പ്രതിദിനം ശേഖരിക്കുന്ന മാലിന്യം ഈ കേന്ദ്രത്തിനടുത്താണ് കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ, മറ്റ് വിസർജ്യങ്ങൾ എന്നിവയെല്ലാം ക്ഷേത്രപരിസരത്താണ് തള്ളുന്നത്. എട്ടുമാസം മുമ്പ് പ്രദേശവാസികളും കൗൺസിലറും ചേർന്ന് മാലിന്യകേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന് റെയിൽവേക്ക് പരാതി കൊടുത്തിരുന്നു. നടപടി എടുക്കാൻ ശ്രമിക്കാമെന്ന മറുപടിയാണ് അന്ന് റെയിൽവേ നൽകിയതെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ദേവസ്വംബോർഡിനും പരാതി നൽകിയിരുന്നു. മാലിന്യക്കൂമ്പാരത്തിന് തൊട്ടടുത്തുള്ള ക്ഷേത്രക്കുളത്തിന്റെ അവസ്ഥയും പരിതാപകരമാണ്. ക്ഷേത്രത്തിന് 200 മീറ്ററോളം അകലെയെങ്കിലും മാലിന്യകേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യകേന്ദ്രത്തിന്റെ കരാർ അവസാനിച്ചതിനാൽ സംസ്‌കരണകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
കത്ത് നൽകാൻ നഗരസഭ
മാലിന്യം നീക്കാൻ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നഗരസഭ കത്ത് നൽകും. നഗരവാസികൾക്ക് ഭീഷണിയാകുന്ന മാലിന്യം മാറ്റണമെന്നും ഇനിയുള്ള മാലിന്യം സംസ്കരിക്കാൻ പകരം കേന്ദ്രം കണ്ടുപിടിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്. നഗരസഭയ്ക്ക് റെയിൽവേയുടെ സ്ഥലത്ത് കടന്ന് മാലിന്യം നീക്കാൻ അവകാശമില്ല. റെയിൽവേയുടെ കാര്യങ്ങളിൽ ഇടപെടാൻ ജില്ലാ കളക്ടർക്ക് പ്രത്യേകം അധികാരമുണ്ട്. കളക്ടറെ ഇടപെടുത്തി പ്രശ്നം പരിക്കാനുള്ള ശ്രമവും നഗരസഭ നടത്തും.