തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസിന് ജില്ലാ വികസന സമിതിയുടെ നിർദേശം നൽകി. ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയമിക്കുകയും വേണമെന്ന് വി.കെ പ്രശാന്ത് എം.എൽ.എ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.പേരൂർക്കട മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായുള്ള സാമൂഹിക ആഘാതപഠനത്തിന്റെ പുരോഗതി സമിതി വിലയിരുത്തി. വട്ടിയൂർക്കാവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലെ നടപ്പാതയുടെ നവീകരണവും ഓടകൾ വൃത്തിയാക്കലും പൂർത്തിയായി. നെടുമങ്ങാട് താലൂക്കിൽ 301 പട്ടയങ്ങളുടെ വിതരണം പൂർത്തിയായി. പാങ്ങോട് പഞ്ചായത്തിലെ പൂലോട് മുതൽ എക്സ് സർവീസ്‌മെൻ കോളനി വരെയുള്ള റോഡിന്റെ അവശേഷിക്കുന്ന മൂന്ന് കിലോമീറ്ററിന്റെ നിർമ്മാണം ഒരു മാസത്തിനകം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. കളക്ടർ ജെറോമിക് ജോർജ്ജ് അദ്ധ്യക്ഷനായ യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്, ഡെപ്യൂട്ടി കളക്ടർമാർ, എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.