
പാറശാല:നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ ഭക്തിനിർഭരമായ വരവേല്പ് നൽകി. സ്വീകരണച്ചടങ്ങുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്, റവന്യൂ, അധികൃതരും, പൊലീസ് മേധാവികളും വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിശ്രമത്തിനു ശേഷം രാവിലെ ആരംഭിച്ച വിഗ്രഹ ഘോഷയാത്ര ഉച്ചയ്ക്ക് ഒരു മണിയോടെ അതിർത്തി പ്രദേശമായ കളിയിക്കാവിളയിലെത്തി. തുടർന്ന് തമിഴ്നാട് ദേവസ്വം ബോർഡ് ജോയിന്റ് കമ്മിഷണർ ജ്ഞാനശേഖറിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ,റൂറൽ എസ്.പി ശില്പ, ദേവസ്വം കമ്മീഷ്ണർ ബി.എസ്.പ്രകാശ്,നെയ്യാറ്റിൻകര തഹസിൽദാർ ജെ.എൽ അരുൺ,ഡെപ്യൂട്ടി തഹസിൽദാർ നന്ദഗോപാൽ,തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം.തങ്കപ്പൻ,മനോജ് ചരളേൽ,ഡെപ്യൂട്ടി കമ്മീഷ്ണർ ശശികല,അസി.ദേവസ്വം കമ്മീഷ്ണർ ദിലീപ്,സി.കെ.ഹരീന്ദ്രൻ എം.എൽ.എ,മുൻ മന്ത്രി വി.എസ്.ശിവകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ,നെയ്യാറ്റിൻകര ഡിവൈ.എസ്.പി ശ്രീകാന്ത്, തക്കല ഡിവൈ.എസ്.പി.ഗണേശൻ,പാറശാല സി.ഐ ഹേമന്ത്കുമാർ,ബി.ജെ.പി സംസ്ഥാന സമിതി അംഗം ജി.സുരേഷ് തമ്പി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരൻ,സദ്ഭാവനാ സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ ഡോ.ശബരീനാഥ് രാധാകൃഷ്ണൻ, അയ്യപ്പസേവാസംഘം പ്രതിനിധി ശിവൻകുട്ടി, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത, വൈസ് പ്രസിഡന്റ് ആർ.ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരള പൊലീസ് സേനകളുടെ ഘോഷയാത്രയ്ക്ക് ഗാർഡ് ഒഫ് ഓണർ നൽകി കേരളത്തിലേക്ക് ആനയിച്ചു. സ്വീകരണ ചടങ്ങുകൾക്ക് ശേഷം ശേഷം വഴിനീളെ നാട്ടുകാർ നൽകിയ സ്വീകരണങ്ങൾക്കും ശേഷം ഉച്ചയ്ക്ക് രണ്ടര മണിയോടെ ഘോഷയാത്ര പാറശാല ശ്രീമഹാദേവർ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. ഉച്ചയൂണിനും വിശ്രമത്തിനും ശേഷം മൂന്നു മണിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് യാത്രതിരിച്ചു. വിഗ്രഹഘോഷയാത്രയെ സ്വീകരിക്കുന്നതിനായി റോഡിന്റെ ഇരുവശത്തും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പല സ്ഥലങ്ങളിലും വിഗ്രഹ ഘോഷയാത്രയെ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്.വഴിനീളെ തുടരെത്തുടരെ ഭക്തജനങ്ങൾ ഒരുക്കിയിരുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് രാത്രി വൈകി നെയ്യാറ്റിൻകരയിലെത്തിയ ഘോഷയാത്രയെ ഗ്രാമം ജംഗ്‌ഷനിൽ നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരിച്ചതിനെ തുടർന്നാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ഇന്ന് രാവിലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് തിരിക്കുന്ന വിഗ്രഹ ഘോഷയാത്ര വൈകുന്നേരത്തോടെ നഗരാതിർത്തിയായ കരമന അമ്മൻ കോവിലിൽ എത്തിച്ചേരും.പൂജകൾക്ക് ശേഷം കുമാരസ്വാമിയെ വെളളിക്കുതിരയുടെ പുറത്ത് എഴുന്നളളിക്കും.രാത്രി ഘോഷയാത്ര കോട്ടയ്ക്കകത്ത് എത്തിച്ചേരുമ്പോൾ (പദ്മനാഭ സ്വാമി ക്ഷേത്ര സ്ഥാനി) ഉടവാൾ ഏറ്റുവാങ്ങി വിഗ്രഹങ്ങളെ വരവേല്‍ക്കും. തുടർന്ന് സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തുന്നതോടെ വ്യാഴാഴ്ച നവരാത്രി പൂജയ്ക്ക് തുടക്കം കുറിക്കും.