
കല്ലമ്പലം: നാവായിക്കുളം വലിയപള്ളിയ്ക്ക് സമീപം അമിത വേഗതയിൽ വന്ന കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒറ്റൂർ മൂങ്ങോട് ശ്രീനാരായണപുരം കിഴക്കതിൽ കൊച്ചുവീട്ടിൽ എം.ശശിധരൻ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കാർ അതേ ദിശയിൽ നിന്നുവന്ന ശശിധരൻ സഞ്ചരിച്ചിരുന്ന ബൈക്കിലും മറ്റൊരു ബൈക്കിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലും ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്ക് യാത്രികൻ പാരിപ്പള്ളി സ്വദേശി രാജേഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം പൊലീസ് കാർ ഉടമയെ കണ്ടെത്തുകയും സ്റ്റേഷനിൽ ഹാജരാകാൻ അറിയിക്കുകയും ചെയ്തു. ശശിധരൻ പള്ളിക്കലിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. ഭാര്യ: സന്ധ്യ. മക്കൾ: ശരത്, ശ്യാം, ശ്യാമ.
ഫോട്ടോ: എം.ശശിധരൻ