
പാവപ്പെട്ടവന് സൗജന്യമായി ലഭിക്കേണ്ടതിന് ചെലവ് 8000 രൂപ
തിരുവനന്തപുരം : അവയവമാറ്റത്തിനുള്ള ക്രോസ് മാച്ചിംഗ് പരിശോധനയ്‌ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്നര കോടി മുടക്കി സജ്ജമാക്കിയ ലാബ് ഒരുവർഷമായി പ്രവർത്തിക്കുന്നില്ല. 3800രൂപ ചെലവുള്ള ക്രോസ്‌മാച്ചിംഗ് പാവങ്ങൾക്ക് സൗജന്യമായിരുന്നു. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലാബിലാണ് നടത്തുന്നത്. ആംബുലൻസിനടക്കം 7000 - 8000രൂപയാകും. ദാതാവിന്റെ അവയവം സ്വീകർത്താവിന്റെ ശരീരം സ്വീകരിക്കുമോ എന്ന പരിശോധനയാണിത്.
ദക്ഷിണേന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ തുടങ്ങിയ ലാബിന് മൃതസഞ്ജീവനിയുടെ ഫണ്ടാണ് എടുത്തത്. യു.പി.എസുകൾ കേടായതും റീയേജന്റുകൾ ഇല്ലാത്തതുമാണ് പ്രതിസന്ധിയെന്ന് ലാബ് അധികൃതർ വ്യക്തമാക്കി.
അവയവമാറ്റത്തിനായി മൃതസഞ്ജീവനി കണ്ടെത്തുന്ന നാല് സ്വീകർത്താക്കളുടെ സാമ്പിളുകൾ ആംബുലൻസിൽ കൊച്ചിയിൽ അയയ്ക്കും. ചെലവ് നാല് പേരും തുല്യമായി പങ്കിടും. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന മരണാനന്തര അവയവദാനത്തിലും ഇങ്ങനെയാണ് ക്രോസ് മാച്ചിംഗ് നടത്തിയത്. പത്തോളജി വകുപ്പിന് കീഴിലുള്ള ക്രോസ്‌മാച്ചിംഗ് ലാബിന്റെ ചുമതല മൃതസഞ്ജീവനിക്കാണ് (കെ സോട്ടോ).
മണിക്കൂറുകൾ നഷ്ടം
ക്രോസ്‌മാച്ചിംഗ് ഫലം കിട്ടാൻ മൂന്നു മണിക്കൂർ മതി. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് അയയ്‌ക്കുന്നതിനാൽ 10മണിക്കൂർ വരെയാണ് നഷ്ടം. സാമ്പിൾ കൊച്ചിയിൽ എത്തിച്ച് ആംബുലൻസ് മടങ്ങും. ലാബിൽ നിന്ന് ഫലം മൃതസഞ്ജീവനിയിൽ അറിയിക്കും. ജൂലായ് ഏഴിന് കൊച്ചി ലാബിൽ പരിശോധന ലഭ്യമല്ലാത്തതിനാൽ രാത്രിയിൽ മധുരയിലെ സ്വകാര്യ ആശുപത്രിയെയാണ് ആശ്രയിച്ചത്.
ലാബിന് പിന്നിൽ കഠിനപ്രയത്നം
2014ൽ ആരംഭിച്ച ശ്രമങ്ങൾ. 2016ലാണ് ലാബ് സജ്ജമായത്.
പത്തോളജി വിഭാഗത്തിൽ കെട്ടിടം പണിതു
കോടികൾ മുടക്കി യന്ത്രങ്ങൾ എത്തിച്ചു
രണ്ട് കരാർ ജീവനക്കാരെ നിയമിച്ചു
പത്തോളജി അസോസിയേറ്റ് പ്രൊഫസറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തനം.
രാത്രി സാമ്പിൾ എത്തിയാൽ ഡോക്ടറും ടെക്‌നീഷ്യൻമാരും എത്തും.
ഫണ്ടില്ലെന്ന് പരാതി
മൃതസഞ്ജീവനിയിൽ നിന്ന് ഫണ്ട് കിട്ടാത്തതിനാലാണ് പ്രവർത്തനം മുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു. ലാബ് സജ്ജമാണെന്നാണ് മൃതസഞ്ജീവനി നോഡൽ ഓഫീസർ നോബിൾ ഗ്രേഷ്യസ് പറഞ്ഞത്.